നഴ്സുമാരുടെ സമരം പിന്‍വലിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന നഴ്സുമാരുടെ സമരം പിന്‍വലിച്ചു. ശമ്പളം പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് പരിഗണിച്ചാണ് സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. അതേസമയം അലവന്‍സുകള്‍ കുറച്ചതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും നഴ്സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന ലോങ് മാര്‍ച്ചും പിന്‍വലിച്ചു.

ഇന്ന് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ വൈകുന്നേരം തന്നെ പുതിയ ശമ്പളം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു. എന്നാല്‍ മിനിമം വേതനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കയ്യിൽ കിട്ടും വരെ സമരം തുടരുമെന്നായിരുന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേരത്തെ അറിയിച്ചത്. അലവൻസ് കാര്യത്തിൽ ഉണ്ടായത് വലിയ അട്ടിമറിയാണ് ഉണ്ടായതെന്നും, മുഖ്യമന്ത്രിയുടെ വാക്കും സുപ്രീംകോടതി വിധിയും അട്ടിമറിച്ചുവെന്നും സംഘടന ആരോപിച്ചു. പിന്നാലെ നിലപാട് മയപ്പെടുത്തുകയും അത്യാഹിത വിഭാഗത്തിലെ ജോലികള്‍ ചെയ്യുമെന്നും സമരം തുടരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പറഞ്ഞു. ഇതിന് പിന്നാലെ അര്‍ദ്ധരാത്രിയോടെയാണ് സമരം പിന്‍വലിക്കുന്നതായി അറിയിച്ചത്.

ചേർത്തല കെ.വി.എം ആശുപത്രി സമരം ഒത്തുതീർപ്പാക്കാന്‍ നിയമനടപടി സ്വീകരിക്കാനാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. ഇന്നു മുതല്‍ എല്ലാവരും ഡ്യൂട്ടിയില്‍ കയറുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുള്‍പ്പെടെ മുഴുവന്‍ ജീവനക്കാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം തൊഴില്‍ സെക്രട്ടറി ഒപ്പുവച്ചതോടെ പ്രാബല്യത്തില്‍ വന്നിരുന്നു. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍, 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്.

You might also like

-