ദളിത് മുഖ്യമന്ത്രിക്കായി സ്ഥാനമൊഴിയാൻ തയാർ; സിദ്ധരാമയ്യ
ബംഗളുരു: ദളിത് മുഖ്യമന്ത്രിക്കായി സ്ഥാനമൊഴിഞ്ഞു നൽകാൻ തയാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ തൂക്കുസഭ നിലവിൽവരുമെന്നും ജെഡിഎസ് നിർണായക ശക്തിയാകുമെന്നുമുള്ള എക്സിറ്റ് പോൾ പ്രവചനങ്ങളോടു പ്രതികരിക്കവെയാണ് ഹൈക്കമാൻഡ് നിർദേശിച്ചാൽ സ്ഥാനമൊഴിയാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം, തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി ഉയരുന്ന ജെഡിഎസിനെയും പാർട്ടി നേതാവ് എച്ച്.ഡി.ദേവഗൗഡയെയും ഒപ്പം നിർത്താനുള്ള നീക്കമാണ് സിദ്ധരാമയ്യയുടെ പരാമർശമെന്നു വിലയിരുത്തപ്പെടുന്നു. ദേവഗൗഡയ്ക്ക് സിദ്ധരാമയ്യയോട് അത്ര താത്പര്യമില്ല. തൂക്കുസഭയുടെ സാഹചര്യത്തിൽ കോണ്‍ഗ്രസിനു ജെഡിഎസ് പിന്തുണ നൽകിയാൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇങ്ങനെവന്നാൽ മുതിർന്ന നേതാക്കളും ദളിത് വിഭാഗത്തിൽനിന്നുള്ളവരുമായ മല്ലികാർജുൻ ഖാർഗെ, ജി.പരമേശ്വര എന്നിവരിൽ ആർക്കെങ്കിലും സാധ്യത തെളിയും.
ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തങ്ങളുമായി ബന്ധപ്പെടുക എന്നതു കോണ്‍ഗ്രസിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് ദേവഗൗഡ വ്യക്തമാക്കിക്കഴിഞ്ഞു. ബിജെപിയുമായും കോണ്‍ഗ്രസുമായും സഖ്യത്തിലേർപ്പെട്ടിട്ടുള്ള ദേവഗൗഡ, പക്ഷേ ഇക്കുറി ബിജെപിയുമായി കൂട്ടുകൂടുന്നതിനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനു മുന്‍പ് അദ്ദേഹം മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തു. ഈ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പ് വരെ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചതെന്ന് നേരത്തെ സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഞായറാഴ്ച, എന്തു സംഭവിച്ചാലും ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാകുമെന്നും സിദ്ധരാമയ്യ പറഞ്ഞുവച്ചു