ഡൽഹി: ദളിത് പ്രസിഡന്റിനെ ആദരിക്കാത്തവരാണ് ദളിതുകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദികുറ്റപ്പെടുത്തി . ഗ്രാമത്തിൽനിന്നും ഒരു ദളിത് അമ്മയുടെ മകൻ പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നിട്ടും അദ്ദേഹത്തിനു ആദരവ് നൽകാൻ കോൺഗ്രസ് പാർട്ടി തയാറായില്ലെന്നും മോദി ആരോപിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസു പാർട്ടിയുടെ ധിക്കാരം മൂര്ധന്യത്തിലെത്തിയിരിക്കുകയാണ്. ദളിത് വിഭാഗത്തിൽനിന്ന് പ്രസിഡന്റ് ഉണ്ടായപ്പോൾ അദ്ദേഹത്തോട് ആദരവ് പ്രകടപ്പിക്കേണ്ടതായിരുന്നു. എന്നാൽ കോൺഗ്രസ് അത് ഇഷ്ടപ്പെടുന്നില്ല. ഒരു വർഷമായി, സോണിയാഗാന്ധി രാഷ്ട്രപതിയെ അഭിന്ദനം അറിയിച്ച് വിളിച്ചിട്ടുപോലുമില്ല. അവരുടെ രാജകുമാരൻ ഏഴു മാസങ്ങൾക്കു ശേഷം നിവേദനം നൽകാനാണ് രാഷ്ട്രപതിയെ സന്ദർശിച്ചതെന്നും മോദി പറഞ്ഞു.
പ്രസിഡന്റ് പദവിയെപ്പോലും ആദരിക്കാത്ത ആളുകളാണ് ദളിതുകളെക്കുറിച്ച് സംസാരിക്കുന്നത്. കോൺഗ്രസ് ഹൃദയങ്ങളെയും ദളിതുകളെയും പരിഗണിക്കാറില്ല. അവർക്ക് എപ്പോഴും കച്ചവട ഇടപാടുകളിലാണ് താൽപര്യം. തന്റെ സർക്കാർ ദളിതുകളുടേയും ദരിദ്രരുടേയും ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ്. ആർദ്രതയുള്ള സർക്കാരാണ് ബിജെപിയുടേത്. ബിജെപി സമൂഹത്തെ സേവിക്കാൻ കടപ്പെട്ടിരിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.