ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കു൦

കേസിന്‍റെ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നതിനിടെയാണ്.

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കു൦. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിന്‍റെ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നതിനിടെയാണ്.

എന്നാല്‍, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദീലീപിന്റെ അഭിഭാഷകർ ഇന്നലെ ഹൈക്കോടതിയിൽ നിക്ഷേധിച്ചിരിന്നു . തന്‍റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടെന്ന അന്വേഷണ സംഘത്തിന്‍റെ വാദം തെറ്റാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. അതേസമയം, അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിലാണ് ദിലീപിന്‍റെ മറുപടി. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം കിട്ടി മൂന്ന് മാസമായിട്ടും തുടർപരിശോധന നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങൾ മുഴുവനായും മുംബൈയിലെ ലാബിൽ നിന്ന് കിട്ടിയിരുന്നെന്നും ദിലീപ് ക്രൈംബ്രാഞ്ച് ആവശ്യത്തെ എതിർത്ത് കൊണ്ട് കോടതിയെ അറിയിച്ചു. ഇതിനിടെ ക്രൈംബ്രാഞ്ച് ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പകത്ത് പിന്മാറണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ആദ്യം മുതൽ ഈ കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവ് ഉൾപ്പടെ നൽകിയതിനാൽ കേസിൽ നിന്ന് പിന്മാറാൻ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് നടിയുടെ ആവശ്യം തള്ളിയത്.

You might also like

-