തോമസ് ചാണ്ടിക്കെതിരായ കേസ്; വിജിലന്‍സ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്നത് കോടതി
കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡു നിര്‍മ്മിച്ചതില്‍ ക്രമക്കേടുനടന്നെന്ന പരാതിയില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലു മാസത്തെ സമയവും വിജിലന്‍സിന് അനുവദിച്ചു.
കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. നിലം നികത്തി റോഡ് പണിതു, എംപി ഫണ്ട് ദുരുപയോഗം ചെയ്തു എന്നിവയാണു തോമസ് ചാണ്ടിക്കെതിരായ കുറ്റങ്ങള്‍. എല്ലാ മാസവും അഞ്ചാം പ്രവൃത്തിദിവസം അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം.
കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ഹര്‍ജിക്കാരനായ സുഭാഷ് എം. തീക്കാടന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. കോടതി മേല്‍നോട്ടം വഹിക്കുന്നതിനെ സര്‍ക്കാരിന്റെ അഭിഭാഷകനും എതിര്‍ത്തിരുന്നില്ല. അതിനിടെ മുന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ എം. പത്മകുമാറിനെതിരായ കേസില്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി ഈ മാസം 16ലേക്ക് മാറ്റി.