തിയേറ്റർ പീഡനം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്
എടപ്പാൾ : മലപ്പുറത്ത് തീയറ്ററിൽ വച്ച് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയേയും, പെൺകുട്ടിയുടെ അമ്മയേയും കോടതി റിമാന്റ് ചെയ്തു. ഇരുവരേയും കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പരാതിയിൽ യഥാസമയം കേസ് രജിസ്റ്റർചെയ്യാതിരുന്ന ചങ്ങരംകുളം എസ് ഐ.ക്കെതിരെ കേസെടുക്കാൻ ഡിജിപി നിർദ്ദേശം നൽകി. പ്രാദേശിക സിപിഎം നേതാക്കളും മറ്റ് ഉന്നതരും ഇടപെട്ട് ഒതുക്കിതീർക്കാൻ ശ്രമിച്ച സംഭവത്തിൽ എസ് ഐ മാത്രം ബലിയാടാക്കി മുഖം രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് ആരോപണമുണ്ട്.
ഏപ്രിൽ 18ന് എടപ്പാളിലെ തീയറ്ററിൽ വച്ച് പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി തൃത്താല സ്വദേശി മൊയ്ദീൻകുട്ടിയേയും, പെൺകുട്ടിയുടെ അമ്മയേയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പോക്‌സോ നിയമം 9,10,16 ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പുകൾപ്രകാരമാണ് രണ്ട് പ്രതികൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ തീയറ്ററിൽ എത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശത്തോടതന്നെയെന്ന് പോലീസ് വ്യക്തമാക്കി.കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷനൽകും. കുട്ടിയെ ഇതിന് മുമ്പ് ഇയാൾപീഡിപ്പിച്ചിട്ടിലെന്നാണ് ഇരുവരും ചോദ്യംചെയ്യലിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ കുട്ടിയിൽ നിന്നും ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് നീക്കം. പരാതിയുണ്ടായിട്ടും യഥാസമയം കേസ് രജിസ്‌ററർ ചെയ്യാതിരുന്ന ചങ്ങരംകുളം എസ് ഐ കെജി ബേബിക്കെതിരെ കേസെടുക്കാൻ ഡിജിപി നിർദ്ദേശം നൽകി. പോക്‌സോ നിയമപ്രകാരം കേസെടുക്കാനാണ് നിർദ്ദേശം. അന്വേഷണത്തിൽ വീഴ്ചവരുത്തിയതിന് എസ് ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്. പീഡനത്തിനെതിരെ വീഡിയോ സഹിതം പരാതി നൽകിയിട്ടും കേസെടുക്കാതിരുന്ന പോലീസിനെതിരെ രൂക്ഷവിമർശനമുയർന്ന സാഹചര്യത്തിൽ എസ് ഐക്കെതിരെ നടപടി സ്വീകരിച്ച് ആക്ഷേപം ഉന്നയിച്ചവരുടെ വായ് മൂടിക്കെട്ടാനാണ് പോലീസിന്റെയും സർക്കാരിന്റെയും നീക്കം. കേസുമായി ബന്ധപ്പെട്ടു പാലിക്കേണ്ട ചട്ടങ്ങളും മാർഗരേഖകളും കാറ്റിൽപ്പറത്തിയായിരുന്നു പോലീസിന്റെ നടപടി. സംഭവത്തിൽ സിപിഎം പ്രാദേശിക നേതാക്കൾക്കും, മറ്റ് ഉന്നതർക്കും ബന്ധമുണ്ടെന്നും ഇവർ ഉന്നത പോലീസുദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കേസ് ഇല്ലാതാക്കി തീർക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. മാത്രമല്ല തീയറ്റർ ഉടമയുമായും സംഘം ഒത്തുതീർപ്പ് ശ്രമം നടത്തിയെന്നും ആരോപണമുണ്ട്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും അമ്മയും പരാതിയുമായി മുന്നോട്ട് വരില്ല എന്ന ഉറപ്പ് ഇടനിലക്കാരായി രംഗത്തെത്തിയവർ പ്രതിക്ക് നൽകിയെന്നാണ് ലഭിക്കുന്നവിവരം. ഇതേതുടർന്നാണ് പ്രതി മൊയ്തീൻകുട്ടി വിദേശത്തെക്ക് രക്ഷപ്പെടാതിരുന്നതെന്നും ആരോപണം ശക്തമാണ്.