ജമ്മു കാഷ്മീരിൽ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞു.മെഹ്ബൂബ മുഫ്തി സർക്കാർ രാജി വച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറി. സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രിസഭയിൽ നിന്ന് ബിജെപി മന്ത്രിമാർ രാജിവെച്ചു.പിഡിപിയുമായുള്ള സഖ്യം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു. കാഷ്മീരിൽ ഭീകരവാദവും കലാപവും വർധിച്ച് വരുകയാണ്. മൗലീകാവകാശങ്ങൾ പോലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും മാധവ് കൂട്ടിച്ചേർത്തു. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. കാഷ്മീരിലെ 89 അംഗ നിയമസഭയിൽ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. അതേസമയം, നാഷണൽ കോൺഫറൻസിന് 15 ഉം കോൺഗ്രസിന് 12ഉം അംഗങ്ങളുണ്ട്.
ബിജെപി പിന്തുണ പിൻവലിച്ചതോടെ മെഹ്ബൂബ മുഫ്തി സർക്കാരിന്റെ ഭാവി പ്രതിസന്ധിയിലായി. അധികാരം നിലനിർത്താൻ 45 അംഗങ്ങളുടെ പിന്തുണ മുഫ്തിക്ക് ആവശ്യമാണ്. വിഷയം ചർച്ച ചെയ്യാൻ മുഫ്തി ഇന്ന് വൈകുന്നേരം നാലിന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.