ജമ്മുകാഷ്മീരിൽ സൈന്യവുമായി ഭീകരർ ഏറ്റുമുട്ടി 3 ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. സൈനിക നടപടിക്കെതിരായുണ്ടായ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്പിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് പരിക്കേൽക്കുകയും ചെയ്തു. മൂന്നു ഫോട്ടോഗ്രാഫർമാർക്കും പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച ശ്രീനഗർ ജില്ലയിൽ സഫ കഡാലിലെ തബേല ചട്ടാബാലിൽ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ ഒളിച്ചിരിക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു. പ്രതിഷേധത്തിനു നേരെ സൈന്യം വാഹനം ഇടിച്ചുകയറ്റിയതാണ് ഒരാൾ കൊല്ലപ്പെടാൻ ഇടയായതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ അപകടത്തെ തുടർന്നാണ് മരണമെന്നാണ് സൈന്യത്തിന്റെ വാദം.
ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതിനെ തുടർന്ന് ശ്രീനഗറിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനം നിർത്തിവച്ചിരുന്നു. പുൽവാമയിൽ തീവ്രവാദിയുടെ വെടിയേറ്റ് പോലീസുകാരന് പരിക്കേറ്റിരുന്നു. സ്പെഷൽ പോലീസ് ഓഫീസർ ഷൗക്കത്ത് അഹമ്മദ് ദറിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.