ജോലി ഒഴിവുകൾ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് -കേരളയിൽ റിസർച്ച് ഓഫീസർ, ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ്, ഫുൾടൈം സ്പീക്കർ തസ്തികകളിൽ കരാർ നിയമനം നടത്തും. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ളക്കടലാസിൽ പേര്, പ്രായം, ജനനതീയതി, മേൽവിലാസം, ഫോൺ നമ്പർ, യോഗ്യതകൾ, തൊഴിൽ പരിചയം, അക്കാദമിക മികവുകൾ എന്നിവ വിശദമാക്കി രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 31 വൈകിട്ട് അഞ്ചിന് മുമ്പ് സീമാറ്റ്-കേരളയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അപേക്ഷിക്കണം.
ഇന്റർവ്യൂ തീയതിയും സമയവും മുൻകൂട്ടി അറിയിക്കും. അന്ന് അസ്സൽ രേഖകളോടൊപ്പം ഹാജരാകാതിരുന്നാൽ അപേക്ഷ നിരസിക്കും. രജിസ്റ്റേർഡ് തപാൽ മാർഗം അയക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിലാസം : ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട ഓഫ് എഡ്യൂക്കേഷണൽ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ്-കേരള (സീമാറ്റ്-കേരള), എം.ജി റോഡ്, കിഴക്കേകോട്ട, തിരുവനന്തപുരം – 695036.
റിസർച്ച് ഓഫീസർ തസ്തികയിൽ നാല് ഒഴിവുകളാണുള്ളത്. 45 വയസ് കവിയരുത്. ഏതെങ്കിലും വിഷയത്തിൽ യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം. എം.എഡ്, എം.ഫിൽ, നെറ്റ്. പിഎച്ച്.ഡി. അഭികാമ്യം. 33925 രൂപയാണ് പ്രതിമാസ വേതനം.
ക്ലർക്ക് ഒമ്പത് ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.റ്റി,പി, രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ 40 വയസിൽ കവിയരുത്. 19,950 രൂപയാണ് പ്രതിമാസം വേതനം. ഓഫീസ് അസിസ്റ്റന്റ് : ഒരു ഒഴിവ്, എസ്.എസ്.എൽ.സി പാസായിരിക്കണം/കേരള സർക്കാർ അംഗീകൃത തത്തുല്യ യോഗ്യത, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. 40 വയസ് കവിയരുത്. 17, 325 രൂപയാണ് പ്രതിമാസ വേതനം. ഫുൾടൈം സ്വീപ്പർ രണ്ട് ഒഴിവ്, ഏഴാംക്ലാസ് പാസായിരിക്കണം. ശുചീകരണം, ചവർ നിർമ്മാർജ്ജനം എന്നിവയിൽ പ്രായോഗിക പരിജ്ഞാനം, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത, 40 വയസ് കവിയരുത്. 17, 325 രൂപയാണ് വേതനം.
അപേക്ഷ ക്ഷണിച്ചു
സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ എറണാകുളം മോഡൽ ഫിനിഷിംഗ് സ്കൂളിലും (ഫോൺ : 0484-2341410), തിരുവനന്തപുരം റീജിയണൽ സെന്ററിലും (ഫോൺ : 0471-2550612) ഏപ്രിൽ മാസം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എംബഡഡ് സിസ്റ്റം ഡിസൈൻ (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ബയോമെഡിക്കൽ, ഇൻസ്ട്രമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി തുടങ്ങിയ വിഷയങ്ങളിൽ എം.ടെക്/ബി.ടെക്/എം.എസ്സി ബിരുദമുള്ളവരോ അവസാന സെമസ്റ്റർ റിസൽട്ട് പ്രതീക്ഷിക്കുന്നവരോ ആയിരിക്കണം.
അപേക്ഷാഫോറവും വിശദവിവരവും www.ihrd.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ രജിസ്ട്രേഷൻ ഫീസായ രൂപ 150 (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് രൂപ 100) ഡി.ഡി സഹിതം മാർച്ച് 31 ന് മുൻപായി അതാത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.
സൗദിയിലേക്ക് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ
ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ കാർഡിയാക് സ്പെഷ്യാലിറ്റി സെന്ററുകളിൽ നിയമനത്തിനായി ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ മാർച്ച് 27 മുതൽ 29 വരെ ന്യൂഡൽഹിയിലും, മാർച്ച് 31 മുതൽ ഏപ്രിൽ രണ്ട് വരെ ബാംഗ്ലൂരും, ഏപ്രിൽ നാല് മുതൽ ആറ് വരെ കൊച്ചിയിലും നടത്തും. തസ്തിക, വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ ക്രമത്തിൽ : കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (അഡൾട്ട് & പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി, അനസ്തേഷ്യ, ഐ.സി.യു, റേഡിയോളജി, നെഫ്രോളജി വിഭാഗങ്ങൾ), വിദ്യാഭ്യാസ യോഗ്യത : എഫ്.ആർ.സി.എസ്/എം.ആർ.സി.പി/ഡി.എം/എം.സി,എച്ച്/എം.ഡി/എം.എസ്/ഡി.എൻ.ബി. പ്രവൃത്തി പരിചയം : പോസ്റ്റ് ഗ്രാഡ്വേഷന് ശേഷം രണ്ട് വർഷം. പ്രായപരിധി : സ്പെഷ്യലിസ്റ്റ് : 52 വയസ്സ്, കൺസൾട്ടന്റ് : 55 വയസ്സ്. നോൺ ഫിസിഷ്യൻ സ്പെഷ്യലിസ്റ്റ് (കാത് ലാബ്, പെർഫ്യൂഷനിസ്റ്റ്, കാർഡിയാക് എക്കോ, കാർഡിയാക് ടെക്നോളജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് ന്യൂട്രീഷ്യനിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പി) വിദ്യാഭ്യാസ യോഗ്യത് അതത് വിഷയത്തിൽ ബിരുദം. പ്രവൃത്തി പരിചയം : രണ്ട് വർഷം, പ്രായപരിധി : 40 വയസ്. നഴ്സുമാർ (സ്ത്രീകൾ മാത്രം), വിദ്യാഭ്യാസ യോഗ്യത : ബി.എസ്.സി/എം.എസ്.സി നഴ്സിംഗ്, പ്രവൃത്തി പരിചയം : ഏതെങ്കിലും കാർഡിയാക് ഡിപ്പാർട്ട്മെന്റിൽ രണ്ട് വർഷത്തെ സേവനപരിചയം (ഇന്റേൺഷിപ്പും ട്രെയിനിംഗും കൂടാതെ), പ്രായപരിധി : 40 വയസ്. ഉദ്യോഗാർത്ഥികൾ ഒ.ഡി.ഇ.പി.സി യുടെ വെബ്സൈറ്റായ www.odepc.kerala.gov.in ലെ നോട്ടിഫിക്കേഷൻ പ്രകാരം saudimoh.odepc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് 22 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ : 04712329441, 42, 43, 45.