ജെ ഡി എസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക്
ബംഗളുരു : അനിശ്ചിതത്വങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ മാറ്റിയത്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളുരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്കു മാറ്റി. റോഡ് മാർഗം എംഎൽഎമാരെ ഹൈദരാബാദിലെ ബേഞ്ചരാ ഹിൽസ് റിസോർട്ടിലേക്കാണ് മാറ്റുന്നത്. വ്യാഴാഴ്ച രാത്രി വൈകി രണ്ടു ബസുകളിലായാണ് എംഎൽഎമാരെ ബംഗളുരുവിലെ റിസോർട്ടിൽനിന്ന് പുറത്തേക്കു കൊണ്ടുപോയത്.
ജെഡിഎസ് എംഎൽഎമാർ ഇതിനോടകം തന്നെ ഹൈദരാബാദിൽ എത്തിയതായാണ് വിവരം. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് ജെഡിഎസ് എംഎൽഎമാർ ഹൈദരാബാദിലെത്തിയത്. എന്നാൽ കോൺഗ്രസ് എംഎൽഎമാർ ഉടൻ ഹൈദരാബാദിൽ എത്തിച്ചേരുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഡി.കെ. ശിവകുമാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
എംഎൽഎമാരെ മാറ്റുന്നതിനുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ഇതേതുടർന്നാണ് റോഡ് മാർഗം എംഎൽഎമാരെ ഹൈദരാബാദിൽ എത്തിച്ചത്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് എംഎൽഎമാരെ താമസിപ്പിച്ചിട്ടുള്ള റിസോർട്ടിന്റെ സുരക്ഷ യെദിയൂരപ്പ സർക്കാർ പിൻവലിച്ചു. റിസോർട്ടിനുമുന്നിൽ കാവൽ നിൽക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കാൻ യെദിയൂരപ്പ പോലീസ് മേധാവിക്കു നിർദേശം നൽകി. ഇതോടെയാണ് എംഎൽഎമാരെ റിസോർട്ടിൽനിന്നു നീക്കാൻ ശ്രമങ്ങൾ തുടങ്ങിയത്.