തിരുവനന്തപുരം: ജുഡീഷറി ആർഎസ്എസിനോടു കൂറുകാണിക്കണമെന്ന് നിലപാട് രാജ്യത്തിനു ആപത്തുണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻപറഞ്ഞു . നീതിന്യായസംവിധാനത്തെ കാവി പൂശുന്നതിനു കൂട്ടുനിൽക്കുന്നതുകൊണ്ടാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ വഴിവിട്ടു പിന്തുണയ്ക്കാൻ കേന്ദ്രസർക്കാരും ഭരണഘടനാസ്ഥാപനങ്ങളും മുന്നോട്ടുവന്നിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ജുഡീഷറിയുടെ പരിപാവനതയും സ്വാതന്ത്ര്യവും നിഷ്പക്ഷതയും കാറ്റിൽ പറത്തുന്ന മോഡി ഭരണത്തിന്റെ നടപടികളെ പ്രതിരോധിക്കേണ്ട ചീഫ് ജസ്റ്റീസ് ആ കടമ നിറവേറ്റുന്നില്ല. ഇക്കാര്യത്തിൽ മുതിർന്ന ന്യായാധിപൻ ചെലമേശ്വർതന്നെ വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. നീതിന്യായസംവിധാനത്തെ കാവി പൂശുന്നതിനു കൂട്ടുനിൽക്കുന്നതുകൊണ്ടാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ വഴിവിട്ടു പിന്തുണയ്ക്കാൻ കേന്ദ്രസർക്കാരും ഭരണഘടനാസ്ഥാപനങ്ങളും മുന്നോട്ടുവന്നിരിക്കുന്നത്. ഇത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള കനത്ത വെല്ലുവിളിയാണ്.ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിച്ച് ജനാധിപത്യ വിരുദ്ധമായി അധികാരം പിടിച്ചടക്കാനുള്ള നീക്കം തകർത്ത സുപ്രധാന വിധിയാണു ജസ്റ്റീസ് കെ.എം. ജോസഫിനെ ആർഎസ്എസ്-സംഘപരിവാരത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. അതിനാലാണു മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെയും ജസ്റ്റീസ് കെ.എം.ജോസഫിനെയും സുപ്രീംകോടതിയിലേക്ക് ഉയർത്താമെന്ന കൊളീജിയം ശുപാർശ ലഭിച്ചപ്പോൾ, ഒരു കാരണവശാലും ജസ്റ്റീസ് ജോസഫ് സുപ്രീംകോടതിയിൽ എത്തില്ലെന്ന് ഉറപ്പാക്കാൻ ആർഎസ്എസ്-ബിജെപി നേതൃത്വം കേന്ദ്രസർക്കാരിനു നിർദേശം നൽകിയതെന്നും കോടിയേരി ആരോപിച്ചു.
ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം ആർഎസ്എസ്തീരുമാനമാണ് പ്രധാനം എന്ന നില വന്നാൽ ഭരണഘടനയ്ക്കു പകരം മനുസ്മൃതി പരിഗണിക്കാൻ ജുഡീഷറി നിർബന്ധിതമായി മാറുമെന്നും കോടിയേരി പരിഹസിച്ചു.