“ചുവപ്പ് കണ്ട കാളയെ പോലെ വിറളി പിടിക്കുന്നവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും” പിണറായി
കോഴിക്കോട്: സംസ്ഥാന പോലീസ് അസോസിയേഷൻ സമ്മേളനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്തസാക്ഷികളെ അനുസ്മരിച്ചത് ചിലർ എന്തോ വലിയ അപരാധമായി കാണുകയാണെന്നും ചിലർക്ക് ചുവപ്പ് കണ്ടാൽ വിഷമമാണെന്നും അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
പോലീസിലെ സംഘടനാ പ്രവർത്തനം മാതൃകാപരമാണ്. സേനയുടെ പ്രവർത്തനത്തിന് ഇതു ഗുണം ചെയ്യും. സമ്മേളനത്തിൽ രക്തസാക്ഷികളെ അനുസ്മരിച്ചത് ചിലർ എന്തോ വലിയ അപരാധമായി കാണുന്നു. മറ്റിടങ്ങളിൽ മരിച്ച പോലീസുകാരെയാണ് സമ്മേളനത്തിൽ അനുസ്മരിച്ചത്. ഇത് നേരത്തെയുള്ളതാണ്. രക്തസാക്ഷികളെ സംബന്ധിച്ച് വലിയ വിവരമില്ലാത്തവരാണ് വിവാദങ്ങളുണ്ടാക്കുന്നത്. ചിലർക്ക് ചുവപ്പ് കണ്ടാൽ വലിയ വിഷമമാണ്. പോലീസിൽ അസോസിയേഷൻ പ്രവർത്തനം വേണ്ടെന്ന വാദത്തിനു ബലം നൽകാനാണ് ആരോപണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, പോലീസ് അസോസിയേഷനുകളിൽ രാഷ്ട്രീയ അതിപ്രസരം രൂക്ഷമാകുന്നുവെന്നു രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു. പോലീസിലെ രാഷ്ട്രീയ അതിപ്രസരം സേനയുടെ വിശ്വാസ്യത തകർക്കുമെന്നും ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നുമാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷനുമെതിരെയുമാണ് ഈ മുന്നറിയിപ്പ്.