ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ
പോർട്ട്എലിസബത്ത്: ദക്ഷിണാഫ്രിക്കയിലെ ചരിത്ര പരമ്പര വിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര വിജയമെന്ന അപൂർവനേട്ടം കോലിയുടെ തൊപ്പിയിലെ പൊന്‍തൂവലാകും. തോറ്റാല്‍ ആവേശത്തിന്റെ ആന്റി ക്ലൈമാക്സിനായി അവസാന മത്സരംവരെ കാത്തിരിക്കണം.
പോർട്ട്എലിസബത്ത്: ദക്ഷിണാഫ്രിക്കയിലെ ചരിത്ര പരമ്പര വിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര വിജയമെന്ന അപൂർവനേട്ടം കോലിയുടെ തൊപ്പിയിലെ പൊന്‍തൂവലാകും. തോറ്റാല്‍ ആവേശത്തിന്റെ ആന്റി ക്ലൈമാക്സിനായി അവസാന മത്സരംവരെ കാത്തിരിക്കണം.
പോര്‍ട്ട് എലിസബത്ത് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടല്ല. കളിച്ച അഞ്ചു മൽസരങ്ങളിലും തോറ്റു. അതിലൊന്ന് കെനിയയോടായിരുന്നു എന്ന നാണക്കേടുമുണ്ട്. എന്നാല്‍ പിച്ചിന്റെ സ്വഭാവത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. ഇവിടെ നടന്ന അവസാന രണ്ട് ഏകദിനങ്ങളിലും വിക്കറ്റു വേട്ടയിൽ തിളങ്ങിയത് സ്പിൻബോളർമാരാണ്. ഇമ്രാൻ താഹിറും തബ്രായിസ് ഷംസിയുമടക്കമുള്ള ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് ഇതു ഭാഗ്യഗ്രൗണ്ടു കൂടിയാണിത്.
അതുകൊണ്ടുതന്നെ കഴിഞ്ഞ കളിയില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഇന്ന് ദക്ഷിണാഫ്രിക്കയെ വട്ടം കറക്കുമെന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിംഗില്‍ വലിയതലവേദന ഇല്ലെങ്കിലും ബാറ്റിംഗില്‍ കോലിയും ധവാനും മാത്രമെ ഇന്ത്യയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്നുള്ളു എന്ന പോരായ്മയുണ്ട്. ഇരുവരും ചേർന്ന് ഈ പരമ്പരയിൽ നേടിയത് 664 റൺസ്. മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ ചേർന്നു നേടിയതാകട്ടെ 239 റണ്‍സും.
രണ്ടാം മത്സരത്തില്‍ അജിങ്ക്യാ രഹാനെയുടെ അര്‍ധസെഞ്ചുറി ഒഴിച്ചാല്‍ മധ്യനിരയുടെ പ്രകടനം പരിതാപകരമാണ്. ധവാനൊപ്പം ഓപ്പണ്‍ ചെയ്യുന്ന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ മറ്റൊരു തലവേദന. ഫോമിലായാല്‍ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള രോഹിത്തിന് ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഒറ്റ അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല.
ഹര്‍ദ്ദീക് പാണ്ഡ്യയാകട്ടെ ആദ്യ ടെസ്റ്റിലെ അത്ഭുത പ്രകടനമൊഴിച്ചാല്‍ ടീമിന് കാര്യമായ സംഭാവന നല്‍കിയിട്ടുമില്ല. കഴിഞ്ഞ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ധോണിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചൊരു ഇന്നിംഗ്സ് ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ധവാന്റെയും കോലിയുടെയും ഫോമില്‍ തന്നെയാവും ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍. ഇന്ത്യൻ സമയം വൈകിട്ടു 4.30 മുതലാണ് മൽസരം. സോണി ടെന്നിൽ തൽസമയം.