കണ്ണൂർ :ഡൽമിയ ഗ്രൂപ്പിന് ചെങ്കോട്ട വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം, കോർപ്പറേറ്റ് ആധിപത്യം സൃഷ്ടിക്കാനുള്ള നീക്കം തന്നെയാണ്. അടുത്ത ലക്ഷ്യം പാർലമെന്റ് മന്ദിരം ആവും. അഞ്ചുവർഷത്തേക്ക് 25 കോടി രൂപയ്ക്കാണ് ചരിത്ര സ്മാരകം കോർപ്പറേറ്റ് ഗ്രൂപ്പിന് പതിച്ചുനൽകുന്നത്. ഒരു ചരിത്രസ്മാരകം വില്ക്കുന്നത് ഇതാദ്യമാണ്. ചരിത്രം
ലേഖകൻ – എം.വി ജയരാജൻ
വില്ക്കാനുള്ളതല്ല; പഠിക്കാനുള്ളതാണ്. സംഘപരിവാറിന് ഇന്ത്യൻ ചരിത്രവും ദേശീയതയും നാനാത്വത്തിൽ ഏകത്വം എന്ന ആശയവും എന്നും ഭയമാണ്.
രാജ്യത്തേയും ജനങ്ങളേയും മറന്ന് കോർപ്പറേറ്റ് അടിമത്തം സ്വീകരിച്ച ബി.ജെ.പി സർക്കാർ നയം ജനങ്ങൾക്കാകെ അറിയുന്നതാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് പുതിയ തീരുമാനവും. ചെങ്കോട്ടയിൽ പ്രതിദിനം സന്ദർശകരായി എത്തുന്നത് പതിനായിരങ്ങളാണ്. അവരിൽ നിന്നും 100 രൂപാവീതം ഈടാക്കിയാൽ തന്നെ കോർപ്പറേറ്റുകൾക്ക് സ്വന്തമാവുന്നത് കോടികളാവും. താജ്മഹൽ ഉൾപ്പടെ 22 ചരിത്ര സ്മാരകങ്ങൾക്കൂടി വില്ക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം ആലോചിച്ചിരിക്കുന്നതായാണ് പുറത്തുവരുന്നകാര്യം. മലയാളിയായ കേന്ദ്ര ടൂറിസം സഹമന്ത്രിയുടെ സാന്നിധ്യത്തിലാണ് രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങൾ വില്പനയ്ക്ക് വെച്ചതെന്നത് കേരളീയർക്കാകെ നാണക്കേട് വരുത്തിയിരിക്കുകയാണ്.
പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാനാണ് ചെങ്കോട്ട നിർമ്മിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യ കീഴടക്കി ഭരിച്ചപ്പോഴും ചെങ്കോട്ട നശിപ്പിക്കാനോ വില്ക്കാനോ തയ്യാറായില്ല. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ നിലവിലെ പ്രധാനമന്ത്രി മോഡി വരെ സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തിയത് ചെങ്കോട്ടയിലാണ്. ഡൽഹിയിലെത്തുന്നയാൾ ചെങ്കോട്ടകാണാതെ മടങ്ങില്ല. കോർപ്പറേറ്റുകൾക്ക് ചെങ്കോട്ട കൈമാറുന്നതിലൂടെ ഇന്ത്യയെ വിൽക്കുകയാണ് സംഘപരിവാർ ചെയ്യുന്നതെന്ന് ദേശാഭിമാനികൾക്കുറപ്പുണ്ട്. 2018 ഏപ്രിൽ 9 നാണ് ഈ വില്പനക്കരാർ ഒപ്പിട്ടത്. അടുത്ത സ്വാതന്ത്ര്യദിനത്തിൽ മോഡി പതാകയുയർത്തുക ഡൽമിയ ഗ്രൂപ്പിന്റെ ചെങ്കോട്ടയിലായിരിക്കും. ഡൽമിയ ഗ്രൂപ്പിന്റെ പരസ്യവാചകം മോഡി പതാകയുയർത്തുന്നതിന്റെ പിന്നിൽ വലിയ അക്ഷരത്തിൽ തെളിഞ്ഞുകാണും.
എല്ലാം വില്ക്കുന്നവർക്ക് ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാൻ കഴിയില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സ്വാതന്ത്ര്യം നേടിയ ഇന്ത്യയെ, കോർപ്പറേറ്റ് പാരതന്ത്ര്യത്തിലേക്ക് നയിക്കുകയാണ് മോഡിസർക്കാർ ചെയ്യുന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമുള്ള സംഘപരിവാറിൽ നിന്നും എന്തും പ്രതീക്ഷിക്കണം. എന്നാൽ രാജ്യസ്‌നേഹികൾക്ക് രാജ്യത്തിന്റെ അഭിമാനകേന്ദ്രങ്ങൾ കോർപ്പറേറ്റുകൾക്ക് വില്ക്കുന്നതിനൊട് വിയോജിക്കാനേ കഴിയൂ.
ചരിത്രത്തിൽ നിന്ന് വികാരവും വിചാരവും ഊർജ്ജമായി സ്വീകരിക്കുന്ന ദേശാഭിമാനികൾ ഉറക്കെ ശബ്ദമുയർത്തുക, പ്രതിഷേധിക്കുക, വില്പന തടയുക. ചരിത്രസ്മാരകങ്ങൾ വില്ക്കുകയല്ല; സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്.