ഘൌത്തയില്‍ സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം 410പേര് കൊല്ലപ്പെട്ടു
ആക്രമണം തുടങ്ങി അഞ്ച് ദിവസം പിന്നിടുമ്പോഴും കിഴക്കന്‍ ഘൌത്തയില്‍ വിമതര്‍ക്കെതിരായ ആക്രമണം ശക്തമായി തുടരുകയാണ് സിറിയന്‍ സൈന്യം.
കിഴക്കന്‍ കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം അഞ്ചാം ദിവസവും തുടരുന്നു. ഞായറാഴ്ച ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 410 ആയി. കൊല്ലപ്പെട്ടവരില്‍ 150 പേര്‍ കുട്ടികളാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു
ആക്രമണം തുടങ്ങി അഞ്ച് ദിവസം പിന്നിടുമ്പോഴും കിഴക്കന്‍ ഘൌത്തയില്‍ വിമതര്‍ക്കെതിരായ ആക്രമണം ശക്തമായി തുടരുകയാണ് സിറിയന്‍ സൈന്യം. വിമതര്‍ക്കെതിരായ ആക്രമണമന്ന് സൈന്യം അവകാശപ്പെടുന്പോഴും കൊല്ലപ്പെടുന്നവരില്‍ അധികവും സാധാരണക്കാരാണ്. അഞ്ചുദിവസത്തിനിടെ മാത്രം 150ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ആരംഭിച്ച ആക്രമണത്തില്‍ 410 മരിച്ചതായും സംഘടന വ്യക്തമാക്കി. രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
സൈനിക നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്പോഴും ആക്രമണത്തിന്റെ തീവ്രത കുറക്കാന് ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആശുപത്രികളും സ്കൂള് കെട്ടിടങ്ങളും കച്ചവട കേന്ദ്രങ്ങളുമടക്കം ജനവാസമേഖലകള് കേന്ദ്രീകരിച്ചാണ് ആക്രമണം. കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.