ഡൽഹി: മൂന്നരമണിക്കൂർ നീണ്ട വാദങ്ങൾക്കും തർക്കങ്ങളും കേന്ദ്രീകരിച്ചത് ഭൂരിപക്ഷ പിന്തുണ ഉന്നയിച്ച് ബിജെപി നേതൃത്വം കർണാടക ഗവർണർ വാജുഭായി വാലയ്ക്കു നൽകിയെന്നു പറയപ്പെടുന്ന കത്തിലായിരുന്നു. ഈ കത്തിലാണ് നിർണായകമായ വിധിയുടെ ആദ്യഘട്ടം കോടതി അവസാനിപ്പിച്ചതും.
രാത്രി 2.08-ന് വാദങ്ങൾ ആരംഭിച്ചപ്പോൾതന്നെ യെദിയൂരപ്പ ഗവർണർക്കു നൽകിയ കത്ത് എവിടെയെന്ന് കോടതി കോണ്‍ഗ്രസ്-ജെഡിഎസ് അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയോടു ചോദിച്ചപ്പോൾ അത് ഹാജരാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പ്രധാനപ്പെട്ട തെളിവ് ഇല്ലാതെ കോടതി എങ്ങനെ തീരുമാനമെടുക്കുമെന്ന് ഈ അവസരത്തിൽ ഹർജിക്കാരോടു കോടതി ചോദിച്ചു. അതേസമയം, കേന്ദ്രസർക്കാരിന്റെ പക്കലും ഇങ്ങനൊരു കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ മറുപടി. ഇതോടെ കോടതിയുടെ ശ്രദ്ധ പൂർണമായി കത്തിലേക്കു കേന്ദ്രീകരിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ യെദിയൂരപ്പ സര്‍ക്കാരിനു 15 ദിവസം നല്കിയ ഗവര്‍ണറുടെ നടപടിയെയും കോടതി ചോദ്യം ചെയ്തു.
ഈ സമയങ്ങളിലെല്ലാം സിംഗ്വി യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. രണ്ടു ബിജെപി എംഎൽഎമാർക്കു വേണ്ടി ഹാജരാകുന്നുവെന്നു കോടതിയിൽ പറഞ്ഞ, മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും കെ.കെ.വേണുഗോപാലും ഈ ആവശ്യത്തെ നിശിതമായി എതിർത്തു. ഭരണഘടനാ സ്ഥാപനമായ ഗവർണറുടെ വിവേചനാധികാരത്തെ കോടതിക്കു ചോദ്യം ചെയ്യാൻ കഴിയില്ലെന്നായിരുന്നു ഇവരുടെ വാദം.
ഇത് പരിഗണിച്ച കോടതി, സത്യപ്രതിജ്ഞ സ്റ്റേ ചെയ്യില്ലെന്നു വാക്കാൽ നിരീക്ഷിച്ചു. ഇതോടെ കോണ്‍ഗ്രസിനു വൻ തിരിച്ചടിയെന്ന തരത്തിൽ വാർത്തകൾ പരന്നു. കോടതിയുടെ ഈ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയ സിംഗ്വി, സത്യപ്രതിജ്ഞ നീട്ടിവയ്ക്കണമെന്ന വാദമുന്നയിച്ചു. ഇതും കോടതി തള്ളി. എന്നിരുന്നാലും മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്താൽ, ഇതിൽ ഇടപെടാൻ കോടതിക്കു കഴിയുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇത് വിധിയിൽ രേഖപ്പെടുത്തണമെന്ന് സിംഗ്വി ആവശ്യപ്പെടുകയും കോടതി ഈ ആവശ്യം സ്വീകരിക്കുകയും ചെയ്തു.
ഇതിനുശേഷമാണ് നിർണായകമായ കത്തിൽ കോടതി വിധി പുറപ്പെടുവിക്കുന്നത്. ഭൂരിപക്ഷം അവകാശപ്പെട്ട് യെദിയൂരപ്പ ഗവർണർക്കു നൽകിയ കത്ത് വെള്ളിയാഴ്ച പത്തരയ്ക്കു മുന്‍പ് ഹാജരാക്കാനാണു കോടതി നിർദേശിച്ചിട്ടുള്ളത്. ഈ കത്ത് ഹാജരാക്കാൻ കഴിയാതിരിക്കുകയോ, ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ കടുത്ത നടപടികളിലേക്കു കടക്കുമെന്നുതന്നെയാണ് കോടതി വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽ നിർണായകമാകുന്ന ഒരു നീക്കത്തിനാണ് ബുധനാഴ്ച രാത്രി മുതലുള്ള മണിക്കൂറുകൾ സാക്ഷ്യം വഹിച്ചതെന്നു നിസംശയം പറയാം