നാളെ ബലാബലം ! കർണാടകയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്

0

  ഡൽഹി :കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കണക്കിന്‍റെ കളികളായിരിക്കും സഭയില്‍ തെളിയുക. ആത്യന്തികമായി ഇത് കണക്കിന്‍റെ കളിയാണെന്ന് സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു. വൈകിട്ട് 4 മണിക്ക് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തേടാൻ സുപ്രീം കോടതി ഉത്തരവായി. അതുവരെ സുപ്രധാന തീരുമാനങ്ങൾ അരുതെന്നു മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്കു കോടതി നിർദ്ദേശം നൽകി. സമയം നീട്ടി നൽകണമെന്നും രഹസ്യ വോട്ടെടുപ്പ് വേണമെന്ന ബിജെപി അഭിഭാഷകൻ മുകുൾ റോത്തഗിയുടെ വാദം കോടതി അംഗീകരിച്ചില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്‍പിക്കൊപ്പം 38 സീറ്റുകളാണ് ജെഡിഎസിന് നേടാനായത്. കോണ്‍ഗ്രസ് നേടിയത് 78 സീറ്റുകളും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് നേടാനായത് 104 സീറ്റുകളാണ്. കര്‍ണാടക നിയമസഭയിലെ മൊത്തം അംഗങ്ങളുടെ എണ്ണം 224. ഇതില്‍ രണ്ടു സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. വോട്ടെടുപ്പ് നടന്നത് മൊത്തം 222 സീറ്റുകളിലേക്കായിരുന്നു. ഇതില്‍ 38 സീറ്റുകളാണ് ജെഡിഎസ് നേടിയത്. എന്നാല്‍ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി രണ്ടു സീറ്റുകളിലേക്ക് മത്സരിക്കുകയും രണ്ടിലും വിജയിക്കുകയും ചെയ്തിരുന്നു. ചട്ടപ്രകാരം ഇതോടെ കുമാരസ്വാമിക്ക് ഒരു സീറ്റ് ഉപേക്ഷിക്കേണ്ടി വരും. അപ്പോള്‍ നിലവിലെ സഭയില്‍ അംഗബലം 222 ല്‍ നിന്ന് 221 ആയി കുറയും. ഇതോടെ 221 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 112 അല്ല, 111 അംഗങ്ങളുടെ പിന്തുണ മതിയാകും.

നിലവില്‍ ബിജെപിക്ക് 104 സീറ്റുകളുണ്ട്. എന്നിരുന്നാലും കുതിരക്കച്ചവടത്തിന്‍റെ സാധ്യത നിലനില്‍ക്കുമ്പോള്‍ അവിടെയും ബിജെപിയുടെ പരീക്ഷണങ്ങള്‍ക്ക് അന്ത്യമാകുന്നില്ല. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ നിന്ന് ജെഡിഎസിന്‍റെയോ കോണ്‍ഗ്രസിന്‍റെയോ 10 എംഎല്‍എമാര്‍ ഹാജരാകാതെയിരിക്കുകയോ വോട്ട് രേഖപ്പെടുത്താതെ മാറിനില്‍ക്കുകയോ ചെയ്താല്‍ 211 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന്  വേണ്ട സംഖ്യ 106 ആയി കുറയും.  നിലവില്‍ 104 അംഗങ്ങളുള്ള ബിജെപിക്ക് പിന്നെ വേണ്ടത് രണ്ടു സ്വതന്ത്രന്‍മാരുടെ പിന്തുണ മാത്രം. പ്രധാന പാര്‍ട്ടികള്‍ക്ക് പുറത്തുള്ള രണ്ടു സ്വതന്ത്ര എംഎല്‍എമാരെ കൂട്ടുപിടിക്കാനായാല്‍ 106 എന്ന മാജിക് സംഖ്യയിലേക്ക് എത്തിച്ചേരാന്‍ ബിജെപിക്ക് കഴിയും. അങ്ങനെയെങ്കില്‍ അനായാസം ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനും സാധിക്കും. എന്നാല്‍ ഈ നാടകീയ രംഗങ്ങളൊക്കെ നടക്കണമെങ്കില്‍ ബിജെപിക്ക് പുറത്തുള്ള 10 എംഎല്‍എമാരെ വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ യെദ്യൂരപ്പയ്ക്കാകണം. രണ്ടു സ്വതന്ത്രന്‍മാരെ ‘ചാക്കി’ലാക്കാനുമാകണം. അതുകൊണ്ട് തന്നെ കര്‍ണാടകയിലെ നാടകത്തിന്‍റെ ക്ലൈമാക്സ് എന്താകുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.

  
You might also like

-