കർണാടകക്ക് തിരിച്ചടി ഗോവയിൽ ഭരണം പിടിക്കാൻ കോണ്‍ഗ്രസ് നീക്കം
പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കാൻ നിർണായക നീക്കവുമായി കോണ്‍ഗ്രസ്. കർണാടകയിൽ ഗവർണർ വാജുഭായ് വാല സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിച്ചതിനു പിന്നാലെ ഗോവയിൽ മനോഹർ പരീക്കർ സർക്കാരിനെ താഴെയിറക്കാൻ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎൽഎമാർ വെള്ളിയാഴ്ച ഗവർണറെ സമീപിക്കാനാണ് തയാറെടുക്കുന്നത്. കോണ്‍ഗ്രസിലെ 16 എംഎൽഎമാർ രാവിലെ ഗവർണർ മൃഥുല സിൻഹയെ സമീപിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോൺഗ്രസ്.
40 അംഗസഭയിൽ കോണ്‍ഗ്രസ് 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ 13 സീറ്റുകൾ മാത്രമുള്ള ബിജെപിയാണ് ഗോവ ഭരിക്കുന്നത്. കോണ്‍ഗ്രസിൽനിന്നു ഒരു അംഗത്തെ അടർത്തിയെടുക്കുകയും മറ്റു പാർട്ടികളിലെ പത്ത് എംഎൽഎമാരുടെ പിന്തുണ കൂടി നേടിയാണ് മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗോവയിൽ അധികാരമേറ്റത്. കർണാടക മാതൃകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് മന്ത്രി സഭയുണ്ടാക്കാൻ അവസരമൊരുക്കണമെന്നാണ് കോൺഗ്രസ്സ് ആവശ്യം .