ക്രൈസ്തവ വിശ്വാസത്തെ പ്രവർത്തന പന്ഥാവിലൂടെ കർമമണ്ഡലത്തിലേക്കുയർത്തിയ ധീര യോദ്ധാവ് ബ്രദർ ജോസ്
ഡാളസ് :ക്രൈസ്തവ വിശ്വാസത്തിന്റെ യഥാർത്ഥ അന്ത:സത്ത ഉൾക്കൊണ്ട് പ്രവർത്തന നിരതമായ ജീവിതത്തിലൂടെ വിശ്വാസത്തെ കർമ മണ്ഡലത്തിലേക്കുയർത്തിയ ഡാളസ് ഫോട്ടുവർത്തു ബ്രദറൺ വിശ്വാസികളുടെ ഇടയിൽ വേറിട്ട വ്യക്തിത്വത്തിനുടമ -ജോസ് സഹോദരനെന്നു അറിയപ്പെട്ടിരുന്ന ബ്രദർ ജോസ് പൊന്മണിശ്ശേരിയെ അകാലത്തിൽ മരണം തട്ടിയെടുത്തത് മാർച്ച് 11ചൊവാഴ്ചയായിരുന്നു
.
തൃശൂർ പട്ടണത്തിൽനിന്നും മൂന്നു കിലോമീറ്റര് കിഴക്കുമാറി പ്രശാന്തസുന്ദരമായ അഞ്ചേരിയെന്ന ഗ്രാമത്തിൽ പൊന്മണിശ്ശേരി തിമത്തിയുടെയും ഇട്ട്യാനത്തിന്റെയും മകനായി 1958 ലായിരുന്നു ജോസിന്റെ ജനനം .നെല്ലിക്കുന്ന് റെഹാബോത് ,ചിറ്റൂർ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ,തൃശൂർ കാൽ ഡിയൻ ഹൈ സ്കൂൾ എന്നീ വിദ്യാലയങ്ങളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസവും കാലിക്കറ് /കേരള യൂണിവേഴ്സിറ്റികളിൽ നിന്നും ബാങ്കിങ് അക്കൗണ്ടിംഗ് വിഷയങ്ങളിൽ ബിരുദവും കരസ്ഥമാക്കി തുടർന്നു ബഹ്‌റിനിൽ ഗൾഫ് ഡെയ്‌ലി ന്യൂസ് എഡിറ്റോറിയൽ ഡിപ്പാർട്മെന്റിൽ ആര്ടിസ്റ് ആയി പ്രവർത്തിച്ചിരുന്നു .1992 ലാണ് കുടുംബസമേതം ന്യൂയോർക്കിലേക്ക് കുടിയേറിയത് .രണ്ടു വര്ഷത്തിനു ശേഷം ന്യൂയോർക്കിൽ നിന്നും മൂവ് ചെയ്തു ഡാലസിൽ സ്ഥിരതാമസമാക്കി . ഡാളസ് ഹിൽട്ടൺ ഗ്രൂപ്പ് കാപിറ്റൽ അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു .
ജോസുമായും കുടുംബാഗങ്ങളുമായും നാട്ടിൽവെച്ചു തന്നെ അടുത്ത് ബന്ധം പുലർത്താൻ കഴിഞ്ഞിരുന്ന ലേഖകന് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിൽ പ്രകടമായ നിശ്ചയ ദാർഢ്യത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഒരു പരിധി വരെ മനസിലാക്കാൻ കഴിഞ്ഞിരുന്നു . .ബഹറൈനിലായിരുന്നപ്പോൾ താത്കാലികമായി നഷ്ട്ടപെട്ട സുഹൃദ്‌ബന്ധം ഇരുവർക്കും പുതുക്കുവാൻ കഴിഞ്ഞത് അമേരിക്കയിൽ എത്തിയതിനു ശേഷമായിരുന്നു .തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ജോസ് ഡാളസിൽ എത്തിയതോടെ ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഭാരം ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.ഒരു പ്രത്യേക ട്രസ്റ്റ് രൂപികരിച്ചു അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു .
ഡാളസ് ഹിൽട്ടണിലെ വളരെ ഉത്തരവാദിത്വപ്പെട്ട ചുമതലകൾ നിര്വഹിക്കുന്നതിനിടയിലും സമയം കണ്ടെത്തി കുടുംബവുമായി വർഷത്തിൽ ഒന്നും രണ്ടും തവണ ഇന്ത്യയിലെത്തി വിവിധ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചു നടത്തിയിരുന്ന സുവിശേഷ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ,വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് നേത്രത്വം നൽകുന്നതിനും ജോസ് നൽകിവന്നിരുന്ന നേത്രത്വം ഡാലസിലുള്ള വിശ്വാസസമൂഹത്തെപോലും അതിശയിപ്പിക്കുന്നതായിരുന്നു .
ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിന് സ്വന്തം വരുമാനത്തിന്റെ നല്ലൊരു ശതമാനം വേര്തിരിച്ചിരുന്നു .എല്ലാദിവസവും രാവിലെ ഇന്ത്യയിലുള്ള സുവിശേഷ പ്രവർത്തകരെ ഫോണിൽ ബന്ധപെട്ടു ക്ഷേമാന്വേഷണം നടത്തണമെന്നത് ജോസിന് നിർബന്ധമുണ്ടായിരുന്നു .ഇന്ത്യയിൽ സന്ദർശനം നടത്തുന്ന സന്ദർഭങ്ങളിലെല്ലാം കേരളത്തിൽനിന്നും ഒരു സംഘം വിശ്വാസികളുമായി ചേർന്നു അവിടെയുള്ള അശരരണരും ആലംബഹീനരുമായി ഒന്നിച്ചിരുന്നു ആരാധിക്കുന്നതിനും കൂടായ്മക്കും ജോസ് സമയം കണ്ടെത്തിയിരുന്നു.നിശബ്ദമായി പ്രവർത്തിക്കുന്നതിൽ കൂടുതൽ ആനന്ദം കണ്ടെത്തിയിരുന്ന ജോസിന് തന്റെ പ്രവർത്തനങ്ങളെ മറ്റുള്ളവർ പ്രശംസിക്കുന്നതിൽ ഒട്ടും താല്പര്യമില്ലായിരുന്നു .മനുഷ്യരുടെ പ്രശംസകളേക്കാൾ രഹസ്യത്തിൽ കാണുന്ന സ്വർഗ്ഗസ്ഥനായ പിതാവിൽനിന്നും ലഭിക്കാനിരിക്കുന്നതിനെയാണ് കൂടുതൽ അഭികാമ്യമായി കരുതിയിരുന്നത് .
സ്‌ഥലം സഭയിൽ സാക്ഷ്യം നിലനിർത്തുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ ദുഷ്കരമാണെന്നുള്ള ധാരണ തിരുത്തികുറിക്കുവാൻ ജോസിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു എന്നത് ഇവിടെ പ്രസ്താവ്യമാണ് .കാരോൾട്ടൻ ബിലീവേഴ്‌സ് ബൈബിൾ ചാപ്പൽ അംഗമായിരുന്ന ജോസ് തന്റെ ദൈവം നൽകിയ ജന്മസിദ്ധമായ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ എന്നും മുൻപന്തിയിൽ തന്നെ ആയിരുന്നു .ആഴ്ചയിൽ അഞ്ചു ദിവസവും കഠിനമായി ജോലിചെയ്തു വിശ്രമത്തിനായി ലഭിക്കുന്ന ശനിയാഴ്ച അടങ്ങിയിരിക്കുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല .സഭയിലുള്ള കുറച്ചു യുവജനങ്ങളെ സംഘടിപ്പിച്ചു സമീപപ്രദേശങ്ങളിലെ ഭവനങ്ങൾ സന്ദർശിച്ചു ബൈബിൾ ട്രാക്റ്റുകൾ വിതരണം ചെയ്യുന്നതിലും സന്തോഷം കണ്ടെത്തിയിരുന്നു .
തന്നിലർപ്പിതമായ ദൈവീക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് ധാരാളമായ ദൈവീക കൃപ ലഭിക്കുന്നുണ്ടെന്നു ജോസിന് പരിപൂര്ണവിശ്വാസം ഉണായിരുന്നു .അതോടൊപ്പം പ്രിയതമ ജെസ്സിയുടെയും,,മകൻ ക്രിസിന്റെയും പ്രാർത്ഥനയും സഹകരണവും ശക്തി പകർന്നിരുന്നതായും പലപ്പോഴും ജോസ് പറയുമായിരുന്നു .
മൂന്നുവര്ഷത്തോളമായി ശാരീരിക അസ്വസ്ഥത പ്രകടമായിരുന്നുവെങ്കിലും അതൊന്നും പ്രവർത്തനങ്ങൾക്കു തടസ്സമാകരുതെന്നു താൻ ആഗഹിച്ചിരുന്നു .അടുത്ത സുഹൃത്തുക്കളിൽ നിന്നു പോലും ഇതു മറച്ചുവെകുകയും ചെയ്തിരുന്നു ..ഡിസംബർ ഒടുവിൽ ലേഖകൻ കേരളത്തിൽ പോകുന്നതിനുമുമ്പ് ജോസുമായി ദീർഘനേരം സംസാരിക്കുവാൻ അവസരം ലഭിച്ചപ്പോൾ താൻ തൃശ്ശരിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് ദീർഘമായി ചർച്ച ചെയ്തിരുന്നു .ജനുവരി മധ്യത്തിൽ തിരിച്ചെത്തിയതിനു ശേഷം പലതവണ ജോസുമായി ബന്ധപ്പെടാൻ ശ്രെമിച്ചുവെങ്കിലൂം കഴിഞ്ഞില്ല .ചില ദിവസങ്ങൾക്കു ശേഷം തിരിച്ചുവിളിച്ചു . താൻ ഒരുമാസമായി ഹോസ്പിറ്റലിൽ ആണെന്നും ചികിത്സക്കുശേഷം ആരോഗ്യം വീടെടുത്തു വരികയാണെന്നും വീണ്ടും കാണാമെന്നും പറഞ്ഞു .പിന്നീട് ഒരിക്കൽകൂടി വിളിച്ചു ഫെബ്രുവരി 23നു ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചു .ഡിസ്ചാർജ് ചെയ്തു .വീട്ടിലെത്തി അല്പസമയം വിശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് ശ്വാസതടസം നേരിട്ടതിനെത്തുടർന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആധുനിക .വൈദ്യശാസ്ത്രത്തിന് നൽകാവുന്ന ചികിത്സകൾ എല്ലാം രണ്ടാഴ്ചയോളം നൽകിയെങ്കിലും മനുഷ്യന്റ മരണത്തെക്കുറിച്ചുള്ള ദൈവനിശ്ചയത്തെ മറികടക്കുവാൻ ആർക്കും സാധ്യമല്ലല്ലോ .മാർച്ചു 11 നു വേദനകളില്ലാത്ത ,രോഗങ്ങളില്ലാത്ത ദുഃഖങ്ങളില്ലാത്ത ,കണ്ണുനീരില്ലാത്ത താൻ പ്രിയംവെച്ച കർത്തൃസന്നധിയിലേക്കു മാറ്റപെടുകയുമായിരുന്നു .ആശുപത്രിയിൽ മരണവുമായി മല്ലടിക്കുമ്പോൾ രണ്ടുതവണ ജോസിനെ സന്ദര്ശികുവാൻ അവസരം ലഭിച്ചപ്പോഴും ഇത്രയും പെട്ടന്നു ആ ധന്യജീവിതത്തിനു തിരശീല വീഴുമെന്നു വിശ്വസിക്കുവാൻ .കഴിഞ്ഞിരുന്നില്ല .
ലേഖകനെ സംബന്ധിച്ചു നല്ലൊരു സുഹ്ര്ത്തിനെയും ,പരസ്പരം കാര്യങ്ങൾ ഷെയർ ചെയ്യാൻ കഴിയുന്ന ഒരു വിശ്വസ്തനെയുമാണ് താത്കാലികമായി നഷ്ടപെട്ടതെങ്കിൽ നിരവധി സുവിശേഷ പ്രവർത്തകരുടെയും
,നൂറുകണക്കിന് അശരണരുടേയും ആലംബഹീനരുടെയും ഭാവിപ്രതീക്ഷകളിലാണ് കരിനിഴൽ പരത്തി യിരിക്കുന്നത് .മരുഭൂപ്രയാണം അവസാനിപ്പിച്ചു മുന്നമേ കടന്നുപോയ മാതാപിതാക്കളുടെയും പ്രിയപെട്ടവരുടെയും സമീപേ സ്വർഗീയ സന്തോഷം പങ്കിടുന്ന ജോസിന്റെ അകാല വിയോഗത്തിൽ സഹധർമിണി ജെസ്സി ,ഏക മകൻ ക്രിസ് ,സഹോദരൻ ജോൺസൻ ,ഇളയ സഹോദരി വത്സ ,കുടുംബാംഗങ്ങൾ ,സഭാവിശ്വാസികൾ ,സുവിശേഷകർ ,ബൈബിൾ സ്കൂൾ വിദ്യാർഥികൾ എന്നിവരുടെ അതീവ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു .ജോസിന്റെ മാതൃകാപരമായ ,ത്യാഗനിർഭമായ ,നിസ്വാർത്ഥമായ ,കർമ്മനിരതമായ ധന്യ ജീവിതത്തിനു മുന്പിൽ ശിരസു നമിക്കുന്നു .
മാർച്ച് 15 വെള്ളി വൈകിട്ട് ,16 ശനിയാഴ്ച രാവിലെ ദിവസങ്ങളിൽ ഡാളസ് മെട്രോ ചർച്ചിൽ നടക്കുന്ന മെമ്മോറിയൽ ,ഫ്യൂണറൽ സർവിസുകൾ നടക്കും