കെഎസ്ആർടിസി നിൽപ്പ് യാത്ര സർക്കാർ നിയമഭേദഗതിക്ക്

0

 

തിരുവനന്തപുരം: കെഎസ്ആർടിസി ലക്ഷ്വറി ബസുകളിൽ നിൽപ്പ് യാത്ര നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാൻ സർക്കാർ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ഹൈക്കോടതി വിധിയുടെ ഉദ്ദേശശുദ്ധിയെ സർക്കാർ മാനിക്കുന്നുണ്ടെങ്കിലും നിലവിൽ ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്ആർടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവ സീസണുകളിലും അവധി ദിവസങ്ങളോട് അടുത്ത ദിവസങ്ങളിലുമാണ് ഉത്തരവ് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുക. ഉത്തരവ് പാലിച്ചാൽ ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് കുറ്റകരമാകും. ഇത് മറികടക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ പുനപരിശോധനാ ഹർജി നൽകാനും സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിലവിലെ ഉത്തരവ് മറികടക്കാൻ മോട്ടോർ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സർക്കാർ ഭേദഗതി ചെയ്യുന്നത്. ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് നിരോധിച്ച് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്ന് കെഎസ്ആർടിസിയിലെ യൂണിയനുകളും സർക്കാരും വ്യക്തമാക്കിയിരുന്നു.

You might also like

-