കലയേയിലും സാഹിത്യത്തിലും സംഘപരിവാർ അജണ്ട:പെരുമാൾ മുരുകൻ

0

കലയേയിലും സാഹിത്യത്തിലും സംഘപരിവാർ അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഭരണത്തിനെതിരെ ജാനകിയ പ്രതിരോധം ഉയരണം പെരുമാൾ മുരുകൻ

കൊല്ലം: കലയേയും സാഹിത്യത്തേയും അടിയാളന്റേതും സവര്‍ണ്ണരുടേതെന്നുമെന്ന് വിഭജിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റേയും സംഘപരിവാറിന്റേയും അജണ്ടകള്‍ക്കെതിരെ ശക്തമായ പ്രതിരോധനിര ഉയര്‍ന്നു വരണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍. സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടത്തുന്ന കലാസാംസ്‌കാരിക പരിപാടികള്‍ സി കെ ചന്ദ്രപ്പന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയാളന്റെ കലയേയും സാഹിത്യത്തേയും രാജ്യത്തെ ഭരണകൂടം ഭയക്കുകയാണ്. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. തന്റെ സാഹിത്യകൃതിക്കെതിരെ വര്‍ഗ്ഗീയശക്തികള്‍ പടവാളെടുത്തപ്പോള്‍ തനിക്ക് പിന്തുണയുമായെത്തിയത് രാജ്യത്തെ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റുകാരുമായിരുന്നു. സാഹിത്യരചന നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു. സാഹിത്യത്തെ ദ്രാവിഡന്റേതെന്നും സവര്‍ണ്ണന്റെ സാഹിത്യമെന്നും വേര്‍തിരിക്കുന്നതിലൂടെ രാജ്യത്ത് ഫാസിസ്റ്റ് അജണ്ട കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ താന്‍ പോരാട്ടം പ്രഖ്യാപിച്ചപ്പോള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും തനിക്കു പിന്തുണയുമായി വന്നു. അതാണ് സാഹിത്യരചന തുടരുമെന്ന് പ്രഖ്യാപിക്കാന്‍ തനിക്ക് കരുത്തായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം ജനങ്ങളുടെ അംഗീകാരമാണെന്ന് ചടങ്ങില്‍ സംസാരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍, പെരുമാള്‍ മുരുകന്‍, വി സി അഭിലാഷ് എന്നിവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു കാനം. തന്റെ സംഗീതസപര്യയുടെ നീണ്ട അമ്പതുവര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് എം കെ അര്‍ജ്ജുനന്‍ മാസ്റ്ററെ സര്‍ക്കാരിന്റെ ആദരവ് തേടിയെത്തിയത്. എന്നാല്‍ അതിനും എത്രയോ മുമ്പെ കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ സംഗീതത്തെ നെഞ്ചേറ്റിയിരുന്നു. അതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് കരുതുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അതുകൊണ്ടാണ് പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചതെന്നും കാനം പറഞ്ഞു.
പെരുമാള്‍ മുരുകന്റെ പോരാട്ടം ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണ്. യുക്തി ചിന്തയ്ക്കും ശാസ്ത്ര ബോധത്തിനുമെതിരെയുള്ളവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഇവര്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. പെരുമാള്‍ മുരുകനെതിരേയുള്ള പടയൊരുക്കം ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന കലാകാരന്‍മാരുടെ ഉന്‍മൂലനമാണ് സംഘപരിവാറും ഭരണകൂടവും ലക്ഷ്യമിടുന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ കലാകാരന്‍മാരുടെ പക്ഷത്തായിരിക്കും.
ജനയുഗം കുടുംബാംഗമായ ചലച്ചിത്ര അവാര്‍ഡ് ജേതാവ് വി സി അഭിലാഷിന് തുടക്കത്തില്‍ തന്നെ രാജ്യത്തിന്റെ ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രന്‍സ് എന്ന നടന് മികച്ച നടനുള്ള ബഹുമതി നേടിക്കൊടുക്കാന്‍ അഭിലാഷിന് കഴിഞ്ഞു. ഈ രംഗത്ത് ഇനിയും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ അഭിലാഷിന് കഴിയട്ടേയെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കലാസാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ വിനയന്‍ അധ്യക്ഷത വഹിച്ചു. നമ്മെ ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ എല്ലാവരും ഒരുമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വള്ളിക്കാവ് മോഹന്‍ദാസ് ആദരവ് ആമുഖം അവതരിപ്പിച്ച് സംസാരിച്ചു. കലാസാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ആര്‍ എസ് അനില്‍ സ്വാഗതം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് നല്‍കുന്ന ആറന്‍മുള കണ്ണാടികള്‍ നിര്‍മ്മിച്ച മണികണ്ഠ ഹാന്റി ക്രാഫ്റ്റ് ശില്പി രാജീവനേയും ചടങ്ങില്‍ ആദരിച്ചു.

You might also like

-