കര്‍ണാടകയിൽ സിദ്ധരാമയ്യ തന്നെ നയിക്കും
ഡൽഹി : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണം മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ നയിക്കും. കര്‍ണാടകയില്‍ നടത്തിയ വിവിധ സര്‍വേ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്താണ് പാര്‍ട്ടി കേന്ദ്രനേതൃത്വം ഈ തീരുമാനമേറ്റെടുത്തത്.
ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കായി നേരിട്ട് പ്രചരണം നയിച്ചിരുന്നുവെങ്കിലും കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ ജനപ്രീതി കണക്കിലെടുത്താണ് പ്രചരണനേതൃത്വം അദ്ദേഹത്തെ ഏല്‍പിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തില്‍ ഉടനീളം പര്യടനം നടത്തിയാണ് രാഹുല്‍ പ്രചരണം നയിച്ചതെങ്കില്‍ പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ പിന്തുണച്ചു കൊണ്ടുള്ള പ്രചരണമാണ് രാഹുല്‍ നടത്തിയത്.
സമാനമായ രീതിയില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളും നഗരമേഖലകളും കേന്ദ്രീകരിച്ചാവും രാഹുല്‍ കര്‍ണാടകയില്‍ പ്രചരണം നടത്തുക. കര്‍ണാടകയില്‍ നഗരങ്ങളിലെത്തുന്ന രാഹുല്‍ യുവാക്കളും വിദ്യാര്‍ത്ഥികളുമായി സംവാദങ്ങളില്‍ ഏര്‍പ്പെടും.
പാര്‍ട്ടി നേതൃത്വം വിശ്വസ്തകേന്ദ്രങ്ങള്‍ വഴി കര്‍ണാടകയില്‍ നടത്തിയ സര്‍വേകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കമാണ് പ്രവചിക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൊത്തം മണ്ഡലങ്ങളേയും എ,ബി,സി എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുകയാണ് നേതൃത്വം. എ വിഭാഗം മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയം ഉറപ്പിക്കുമ്പോള്‍ സി വിഭാഗത്തില്‍ ബിജെപിയ്ക്കാണ് മുന്‍തൂക്കം.