കത്‍വ, ഉനാവോ പീഡനക്കേസുകളില്‍ പ്രതിഷേധംശക്തം
ഡൽഹി :കത്‍വ, ഉനാവോ പീഡനക്കേസുകളില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കുറ്റവാളികളെ പിന്തുണക്കുന്നവരെ പുറത്താക്കണമെന്നും പരാതിക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം.ഇതേ ആവശ്യമുന്നയിച്ചു സി പി എം വും മറ്റു ഇടതുപാർട്ടികളും സ്ത്രീവിമോചനപ്രസ്ഥാനങ്ങളും രംഗത്തെത്തിയിട്ടുണട് സമാന ആവശ്യമുന്നയിച്ച് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്.
കത്‍വ, ഉനാവോ പീഡനക്കേസുകളില്‍ നീതി തേടിയുള്ള പ്രതിഷേധം ദേശീയതലത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമം. ഇന്ത്യാ ഗേറ്റില്‍ അര്‍ധരാത്രിയില്‍ നടത്തിയതിന് സമാനമായ പ്രതിഷേധം രാജ്യത്താകമാനം സംഘടിപ്പിക്കാനാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നീതി ലഭ്യമാക്കുക, പരാതിക്കാരെ സംരക്ഷിക്കുക, കേസുകളില്‍ കുറ്റവാളികളെ പിന്തുണക്കുന്നവരെ പുറത്താക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. പീഡനങ്ങളെ ബിജെപി വര്‍ഗീയവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി പറഞ്ഞു.
കത്‍വാ, ഉന്നാവോ പീഡനക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസമായി രാജ്യത്ത് നടക്കുന്നത് ജനാധിപത്യ സമൂഹത്തിന് നാണക്കേടാണെന്നും മോദി പറഞ്ഞു. കത്‍വാ, ഉന്നാവോ പീഡനക്കേസുകളില്‍ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കത്‍വാ കേസില്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു എക്താ മഞ്ച് ജമ്മുവിലെ കത്‍വായില്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത രണ്ട് ബിജെപി മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി കഴിഞ്ഞു. നേരത്തെ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ ചികിത്സയില്‍ അലംഭാവം കാണിച്ച ഉന്നാവോ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സുപ്രണ്ട്, ക്യാഷ്യാലിറ്റി ഓഫീസര്‍ എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.