ഡൽഹി: ജമ്മു കാഷ്മീരിലെ കത്വ വയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. വിവിധ ഹര്‍ജികളില്‍ തീരുമാനമാകുന്നതുവരെയാണ് സ്റ്റേ. കേസ് മേയ് ഏഴിന് കോടതി വീണ്ടും പരിഗണിക്കും.കേസ് സംസ്ഥാനത്തിന്റെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിഭാഗവും ഹർജികൾ സമർപ്പിച്ചിരുന്നു. ഈ ഹർജികൾ പരിഗണിക്കവെയാണ് കോടതി നടപടി.ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണം എന്നായിരുന്നു പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
എട്ടു പ്രതികളെയാണ് കേസിൽ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. കഠുവ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം കേസ് സംസ്ഥാനത്തിനു പുറത്തേക്കുമാറ്റുന്നതിനുള്ള നീക്കത്തെ ജമ്മു കാഷ്മീർ സർക്കാർ എതിർത്തു. സംസ്ഥാനത്ത് പ്രത്യേക കോടതി രൂപീകരിച്ച് കേസിന്റെ വിധി പുറപ്പെടുവിക്കാനാണ് സർക്കാർ തീരുമാനം.