കണ്ണൂര്‍ മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്.
കൊലപാതകങ്ങള്‍ക്ക് ശേഷം അക്രമം വ്യാപിക്കുന്നത് തടയുന്നതിലും പൊലീസിന് വീഴ്ചയെന്ന് ആക്ഷേപം
കണ്ണൂർ:കണ്ണൂര്‍, മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്. മാഹിയിലും കേരളത്തിലുമായി രജിസ്ട്രര്‍ ചെയ്യപ്പെട്ട കേസുകളില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കാത്തതാണ് പ്രതികളെ കണ്ടെത്താനുളള പ്രധാന തടസം. കൊലപാതകങ്ങള്‍ക്ക് ശേഷം പ്രദേശത്ത് അക്രമ സംഭവങ്ങളുണ്ടാകുന്നത് തടയാന്‍ പോലീസിന് കഴിയാതെ വന്നതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പളളൂരില്‍ സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന്റ പ്രതികാരമായാണ് ബിജെപി പ്രവര്‍ത്തകന്‍ ഷമേജിനെ വധിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ബാബുവിന്റെ കൊലപാതകം കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് പോണ്ടിച്ചേരി പോലീസാണ്. എന്നാല്‍ ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്നതാവട്ടെ കേരള പോലീസും. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് രണ്ട് അന്വേഷണ സംഘവും പറയുന്നത്. എന്നാല്‍ കൊലപാതകം നടന്ന് രണ്ട് ദിവസമായിട്ടും കൃത്യം നടത്തിയത് പ്രദേശവാസികള്‍ തന്നെയാണ് എന്ന സൂചനക്ക് അപ്പുറത്തേക്ക് അന്വേഷണം കൊണ്ടുപോകാന്‍ പോലീസിനായിട്ടില്ല.
ഇരു സംസ്ഥാനങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് ആലോചനയിലുണ്ടെന്നാണ് ഇന്നലെ കേരള ഡിജിപി പറഞ്ഞത്. എന്നാല്‍ ഇതിന് നിയമപരമായി ഏറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനിടെ ആദ്യകൊലപാതകം നടന്ന് മിനിട്ടുകള്‍ക്കുളളില്‍ ഉണ്ടായ രണ്ടാമത്തെ കൊലപാതകവും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളും തടയുന്നതില്‍ മാഹി പോലീസിനും കേരള പോലീസിനും വീഴ്ച സംഭവിച്ചെന്ന് കാട്ടി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്