കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍.
മാഹി: രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താലിന് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്തു. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജുമാണ് തിങ്കളാഴ്ച്ച രാത്രിയോടെ കൊല്ലപ്പെട്ടത്. രാവിലെ 6 മുതല്‍ വൈകീട്ട് ആറ് വരെയാണ് സിപിഎം ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 9.45ഓടുകൂടിയാണ് പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാലന്‍റെ മകൻ ബാബു കൊല്ലപ്പെട്ടത്. പള്ളൂരിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്‍റെ മുന്‍ കൗണ്‍സിലറുമായിരുന്നു. ബാബുവിനെ കൊന്നത് ആര്‍.എസ്.എസ് ക്രിമിനലുകളെന്ന് സിപിഎം ആരോപിച്ചു.
സിപിഎം നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ന്യൂമാഹിയിൽ ഒാട്ടോറിക്ഷ ഡ്രൈവറായ ആർഎസ്എസ് പ്രവർത്തകന്‍ ഷമേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഇയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഇതേതുടർന്ന് വൻ പൊലീസ് സന്നാഹം മാഹിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് പൊലിസ്.കണ്ണൂർ സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരിയാരം മെഡിക്കൽ കോളേജിലാണ് ബാബുവിന്‍റെ മൃതദേഹമുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ഷനേജിന്‍റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുനൽകും.