ഒടുവിൽ മോഡി വാതുറന്നു “ഉന്നാവോ, കത്വ സംഭവങ്ങൾ പരിഷ്കൃത സമൂഹത്തിന് നാണക്കേടാണ് “
ഡൽഹി: ബി ജെ പി നേതാക്കളും എം ൽ എ മാറും ഉൾപ്പെട്ട സ്ത്രീ പീഡനക്കേസ്സുകളിലും കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ പ്രതികരിച്ചു. ആഴ്ചകളോളം നീണ്ട മൗനത്തിനു ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഉന്നാവോ, കത്വ സംഭവങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കുമെന്ന് മോദി പറഞ്ഞു. പരിഷ്കൃത സമൂഹത്തിന് നാണക്കേടാണ് സംഭവം. രാജ്യം, സമൂഹം എന്ന നിലകളിൽ നാമെല്ലാം ഈ സംഭവത്തിൽ ലജ്ജിക്കുകയാണ്.
കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്നു രാജ്യത്തിനു ഉറപ്പു നൽകുകയാണെന്നും മോദി പറഞ്ഞു. പൂർണമായ നീതി ലഭിക്കും. നമ്മുടെ പെൺകുട്ടികൾക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംഭവത്തിൽ നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശം ഉയർത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. മോദി ഇറങ്ങിവന്ന് ബേട്ടി ബച്ചാവോയെക്കുറിച്ച് സംസാരിക്കാനുള്ള സമയമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. രണ്ട് ചോദ്യങ്ങളാണ് രാഹുൽ പ്രധാനമന്ത്രിക്ക് മുന്നിൽവച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്തു വർധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്? എന്തുകൊണ്ടാണ് ഭരണകൂടം പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നത്? ഇന്ത്യ കാത്തിരിക്കുകയാണ്, സംസാരിക്കു എന്നും രാഹുൽ കുറിച്ചു. #SpeakUp എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.