ഒന്നുകിൽ മഅ്ദനിയെ വെറുതെ വിടുക; അല്ലെങ്കിൽ അദ്ദേഹത്തെ തൂക്കിലേറ്റുക; ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറം; മന്ത്രി കെടി ജലീല്‍

0

ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയെ ബംഗലൂരുവിലെ ഫ്ളാറ്റിലെത്തി സന്ദര്‍ശിച്ചശേഷമാണ് തദ്ദേശ സ്വയംഭരണ മന്ത്രി കെടി ജലീല്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

 ഒന്നുകിൽ മഅദനിയെ വെറുതെ വിടുക, അല്ലെങ്കിൽ അദ്ദേഹത്തെ തൂക്കിലേറ്റുക എന്നുപറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

ഒന്നുകിൽ മഅദനിയെ വെറുതെ വിടുക ; അല്ലെങ്കിൽ അദ്ദേഹത്തെ തൂക്കിലേറ്റുക
പുട്ടപർത്തിയിൽ സായിബാബയുടെ ആശ്രമത്തിൽ വെച്ച് നടക്കുന്ന വിഷുവിനോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയിൽ പങ്കെടുക്കാൻ പോകവേയാണ് അബ്ദുൽ നാസർ മഅദനിയെ കാണാൻ ബാഗ്ലൂരിൽ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിലെത്തിയത് . എന്റെ കൂടെ തിരുവനന്തപുരം സ്വദേശിയും സായിഭക്തനുമായ ആനന്ദകുമാർ എന്ന നന്തുവും ഉണ്ടായിരുന്നു . മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളത്തിൽ വന്നപ്പോൾ കണ്ടതിന് ശേഷം രണ്ടാം തവണയാണ് മഅദനി സാഹിബിനെ കാണുന്നത് . ഒരുപാട് രോഗങ്ങളുടെ ആക്രമണത്തിൽ ശരീരം തളർന്നിട്ടുണ്ടെങ്കിലും മനസ്സിന് എവിടെയും ഒരിടർച്ചയുമില്ലെന്ന് സംസാരിച്ച് തുടങ്ങിയപ്പോഴേ ബോദ്ധ്യമായി .

ആരോഗ്യസ്ഥിതിയിലൂന്നിയ ചോദിച്ചറിയലുകളായിരുന്നു പ്രധാനമെങ്കിലും നിശ്വാസങ്ങളിലും നെടുവീർപ്പുകളിലും വർത്തമാനത്തിന്റെ എല്ലാ നൊമ്പരങ്ങളും അടങ്ങിയിരുന്നത് പോലെ തോന്നി . ജമ്മുവിൽ ആസിഫയെന്ന എട്ടുംപൊട്ടും തിരിയാത്ത എട്ടുവയസ്സുകാരി പൊന്നോമനയെ ദൈവസന്നിധാനത്തിൽ വെച്ച് പിച്ചിച്ചീന്തിത്തീർത്ത നരാധമൻമാർക്കെതിരെ ഒറ്റമനസ്സോടെ മതജാതി വ്യത്യാസമന്യെ പ്രതിഷേധത്തിന്റെ രോഷാഗ്നി തീർക്കുന്നതിൽ എന്നിലെന്നപോലെ അദ്ദേഹത്തിലും പ്രതീക്ഷയുടെ നുറുങ്ങുവെട്ടം കാണാനായത് പ്രത്യേകം ശ്രദ്ധിച്ചു . ഒരു രാത്രിയുണ്ടെങ്കിൽ ഒരു പ്രഭാതം ഉറപ്പാണ് , ഒരു കയററമുണ്ടെങ്കിൽ ഒരിറക്കവും . മർദ്ദനങ്ങൾകൊണ്ട് പുളഞ്ഞ ബിലാലെന്ന കറുത്ത മനുഷ്യന്റെ കാതിൽ മുഴങ്ങിയ ശബ്ദം ഒരുശരീരിയായി ജമ്മു താഴ്‌വരയിലും ലോകമാസകലവും പ്രതിദ്ധ്വനിച്ച് കൊണ്ടിരിരിക്കുകയാണെന്ന് ഞങ്ങൾ പറയാതെ പറഞ്ഞു . മോളേ ആസിഫാ നീയെങ്ങാണ്ടോ ഉള്ള ഒരു നാടോടിക്കുട്ടിയല്ല . മനുഷ്യത്വമുള്ള കാലത്തോളം ഓരോ പിതാവിന്റെയും സഹോദരന്റെയും അമ്മയുടെയും ഹൃദയങ്ങളിൽ നിന്റെ നിഷ്കളങ്കമായ മുഖം അണയാതെ നിൽക്കും . അതീവ വികൃതവും ഭീഭൽസവുമായ മനോവൈകൃതത്തിനെതിരെയും അതിനെതിരെ ചെറുവിരലനക്കാത്ത ഭരണകൂട നിസ്സംഗതക്കെതിരെയും എക്കാലത്തേക്കുമുള്ള മുന്നറിയിപ്പായി .

ഒരു ഗൂഢാലോചനാ കേസിൽ പ്രതിചേർത്ത് നീണ്ട ഒൻപതുവർഷം കാരാഗൃഹത്തിനുള്ളിൽ കഴിഞ്ഞ് അവസാനം തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കപ്പെട്ട മഅദനിയെ മറ്റൊരു കള്ളക്കേസിൽ കുരുക്കിയാണ് കർണ്ണാടക സർക്കാർ വീണ്ടും അറസ്റ്റ് ചെയ്ത് കൽതുറുങ്കിലടച്ചത് . മനുഷ്യാവകാശ പ്രവർത്തകരുടെ മുറവിളികൾ സഹിക്കവയ്യാതായപ്പോൾ ബാഗ്ലൂർ നഗരം വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ നീതിപീഠങ്ങൾ ചികിൽസക്കായി ജാമ്യമനുവദിച്ചു . കർണ്ണാടക സർക്കാർ വിചാരണ നീട്ടിക്കൊണ്ട് പോകുന്നത് തന്നെ മഅദനി നിരപരാധിയാണെന്നതിന് തെളിവാണ് . പ്രോസിക്യൂട്ടർക്ക് പ്രതിദിനം കാൽലക്ഷം രൂപയാണത്രെ ശമ്പളം കിട്ടുന്നത് . മാസത്തിൽ ഏതാണ്ട് അഞ്ചരലക്ഷം രൂപ . പെട്ടന്ന് കേസ് തീർന്നാൽ ഈ വരുമാന സ്രോദസ്സ് നിന്ന് പോകുമെന്ന ഭയവും വിധി പറയാതെ കേസ് നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലുണ്ടെന്നാണ് നിജസ്ഥിതി അറിയുന്നവരുടെ അടക്കം പറച്ചിൽ . കർണ്ണാടകയിലെ കോൺഗ്രസ്സ് സർക്കാർ ബി.ജെ.പിക്ക് പഠിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല . ഒന്നുകിൽ മഅദനിയെ വെറുതെ വിടുക . അല്ലെങ്കിൽ അദ്ദേഹത്തെ തൂക്കിലേറ്റുക . ജീവിതത്തിനും മരണത്തിനുമിടയിലിട്ടുള്ള ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണ് .

You might also like

-