ഒടുവിൽ നാണം കേട്ട് രാജി കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്.യെദിയൂരപ്പ രാജിവച്ചു.
ബംഗളുരു: ഭൂരിപക്ഷം തെളിയിക്കാനാവാതെ കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്.യെദിയൂരപ്പ രാജിവച്ചു. നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചു നടത്തിയ പ്രസംഗത്തിന്റെ അവസാനമാണ് രാജി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു യെദിയൂരപ്പയുടെ രാജി.
കാണാതായ കോണ്ഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും ബംഗളുരുവിനെ ഹോട്ടലിൽ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകൾ തകർന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലിൽനിന്നു 3.30 ഓടെ വിധാൻസൗധയിൽ എത്തിയതോടെ കോൺഗ്രസിന്‍റെ അനിശ്ചിതത്വങ്ങൾ എല്ലാം നീങ്ങി.
രാവിലെ മുതൽ കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ചില എംഎൽഎമാരെ ബിജെപി റാഞ്ചിയെന്ന് തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഡി.കെ.ശിവകുമാറിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പതിനെട്ടടവും പയറ്റി എംഎൽഎമാരെ എല്ലാം സ്വന്തം പാളയത്തിൽ എത്തിക്കുകയായിരുന്നു. ഇതാണു ബിജെപിയുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായത്.
ബിജെപിക്ക് നിലവിൽ 104 എംഎൽഎമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 111 എന്ന സഖ്യയിലേക്ക് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് യെദിയൂരപ്പ രാജിവച്ച് തടിയൂരിയത്.