“എം എൽ എ മാർക്ക് നൂറുകോടി വാഗ്ദാനം ചെയ്തു” എച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. അധികാരത്തിനുവേണ്ടി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബിജെപി നൂറു കോടി രൂപ വരെ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തു. ഈ കള്ളപ്പണമൊക്കെ ബിജെപിക്ക് എവിടുന്നാണ് ലഭിക്കുന്നതെന്നും കുമാരസ്വാമി ചോദിച്ചു. തങ്ങളുടെ പത്ത് പേരെ റാഞ്ചിയാൽ 20 പേരെ തിരിച്ചെത്തിക്കാൻ അറിയാമെന്നും കുമാരസ്വാമി പറഞ്ഞു.
തൂക്കുസഭ ഉണ്ടായതിൽ ജനങ്ങളെ കുറ്റം പറയാനാവില്ല. താൻ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇനി ബിജെപിയെ പിന്തുണക്കില്ല. കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിൽക്കും. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്നത് തെറ്റായിപ്പോയെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.