ഉന്നാവോ കൂട്ട മാനഭംഗം: ബിജെപി എംഎൽഎ കസ്റ്റഡിയിൽ
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ നാലരയോടെ ഉന്നാവോയിലെ ഇന്ദിര നഗറിലുള്ള വസതിയിലെത്തിയാണ് സിബിഐ സംഘം സെൻഗാറിനെ കസ്റ്റഡിയിലെടുത്തത്. കോൺഗ്രസിന്റെ അർധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. എംഎൽഎയുടെ അറസ്റ്റ് അൽപ സമയത്തിനകം രേഖപ്പെടുത്തുമെന്നാണ് വിവരം.
എംഎൽഎയ്ക്കെതിരെയുള്ള പരാതിയിൽ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന് വരാനിരിക്കെയാണ് സിബിഐ നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കേസിന്റെ അന്വേഷണം സിബിഐ കൈമാറിയിരുന്നത്. സിബിഐയ്ക്കു കൈമാറിയെന്നു ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എംഎൽഎക്കെതിരേ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുട്ടികൾക്കെതിരേയുള്ള ലൈംഗീകാതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോസ്കോ) ഉൾപ്പെടെ ചുമത്തിയാണ് എംഎൽഎക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം ജൂണിലാണ് സെൻഗാർ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പെൺകുട്ടി പരാതി നൽകുന്നത്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകിയതിന്റെ പേരിൽ എംഎൽഎയുടെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. സംഭവത്തിൽ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് ഇരയായ പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്നോയിലെ വസതിക്കു മുന്നിൽ ജീവനൊടുക്കാനും ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്. അതിന്റെ പിറ്റേന്ന് പെൺകുട്ടിയുടെ അച്ഛൻ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ എംഎൽഎയുടെ സഹോദരൻ അതുൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും മൂന്ന് ജീവനക്കാർക്കെതിരേ അച്ചടക്കനടപടിക്കും സർക്കാർ നിർദേശം നൽകിയിരുന്നു.