ഉന്നാവോ പീഡനം; ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഹറിനെ സിബിഐ അറസ്റ്റ് ചെയ്തു
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട മാനഭംഗപ്പെടുത്തിയ കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെ ൻഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു. സെൻഗാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഇന്ന് വൈകുന്നേരത്തോടെ സെൻഗാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ കുൽദീപ് സിംഗ് സെൻഗാറിനെ വെള്ളിയാഴ്ച പുലർച്ചെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍ ഗ്രസിന്റെ അർധരാത്രി പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി. കുട്ടികൾക്കെതിരേയുള്ള ലൈംഗീകാതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോസ്കോ) ഉ ൾപ്പെടെ ചുമത്തിയാണ് എംഎൽഎക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സെൻഗാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താൻ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി പീഡന കേസിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിനോടു നിർദേശിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുമെന്നു പറഞ്ഞ കോടതി കുറ്റാരോപിതർക്കു ജാമ്യം അനുവദിക്കരു തെന്നും ഉത്തരവിട്ടു.
കഴിഞ്ഞവർഷം ജൂണിലാണ് സെൻഗാർ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പെണ്‍കുട്ടി പരാതി നൽകുന്നത്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. സംഭവ ത്തിൽ പരാതി നൽകിയതിന്റെ പേരിൽ എംഎൽഎയുടെ കുടുംബം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
പോലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് ഇരയായ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്നോയിലെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്. അതിന്റെ പിറ്റേന്നു പോലീസ് കസ്റ്റഡിയിലിരിക്കെ പെണ്‍കുട്ടിയുടെ അച്ഛൻ മരിച്ചു. പെണ്‍കുട്ടിയുടെ അച്ഛൻ മരിക്കാനിടയായ സംഭവത്തിൽ എംഎൽഎയുടെ സഹോദരൻ അതുൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.