ഇറാന്‍ ആണവ ഉടമ്പടിയില്‍നിന്ന‌് പിൻമാറ്റം നടത്തിയ അമേരിക്കയ‌്ക്കെതിരെ സഖ്യരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ പ്രതിഷേധം
തെഹ‌്റാന്‍: ഇറാന്‍ ആണവ ഉടമ്പടിയില്‍നിന്ന‌് ഏകപക്ഷീയമായ പിൻമാറ്റം നടത്തിയ അമേരിക്കയ‌്ക്കെതിരെ സഖ്യരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ പ്രതിഷേധം. അമേരിക്കന്‍ പ്രസിഡന്റ‌് ഡോണാള്‍ഡ‌് ട്രംപ‌് പിന്മാറിയെങ്കിലും തങ്ങള്‍ ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന‌് മറ്റ‌് രാജ്യങ്ങള്‍ വ്യക്തമാക്കി. മാന്യമായ ഇടപാടിന‌് സന്നദ്ധമെങ്കില്‍ ഉടമ്പടി തുടരുന്ന കാര്യം ആലോചിക്കാമെന്ന‌് ഇറാനും പ്രതികരിച്ചു. ഇതിന‌് സാധിച്ചില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാന്‍ പ്രസിഡന്റ‌് ഹസന്‍ റൂഹാനി വ്യക്തമാക്കി.
ട്രംപിന്റെ പ്രഖ്യാപനത്തോട് ഇറാന്‍ പാര്‍ലമെന്റംഗങ്ങള്‍ രോഷാകുലരായാണ‌് പ്രതികരിച്ചത‌്. പാര്‍ലമെന്റില്‍ അവര്‍ അമേരിക്കന്‍ പതാക കത്തിച്ചു. ട്രംപിന്റെ മാനസികനില തെറ്റിയെന്ന‌് സ‌്പീക്കര്‍ പരാമര്‍ശിച്ചു.
അതേസമയം, പ്രസിഡന്റ‌് ട്രംപിന‌് വലിയ തെറ്റുപറ്റിയെന്ന‌് ഇറാന്റെ പരമോന്നത ആത്മീയനേതാവ‌് ആയത്തുള്ള അലി ഖൊമേനി പറഞ്ഞു. അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന‌് താന്‍ ആദ്യ ദിവസംതന്നെ പറഞ്ഞതാണ‌്. ബ്രിട്ടനെയും ഫ്രാന്‍സിനെയും ജര്‍മനിയെയും വിശ്വസിക്കാന്‍ പ്രയാസമാണ‌്. അവരുമായി ആണവ ഉടമ്പടി തുടരാനാണ‌് ഉദ്ദേശിക്കുന്നതെങ്കില്‍ വ്യക്തമായ ഉറപ്പുകള്‍ വാങ്ങണമെന്നും ഇറാന്‍ സര്‍ക്കാരിനെ ഖൊമേനി ഓര്‍മിപ്പിച്ചു.
ഇറാനുമായുള്ള ആണവ ഉടമ്പടി മരിച്ചിട്ടില്ലെന്ന‌് ഫ്രാന്‍സ‌് വിദേശമന്ത്രി ഴാങ‌് യെവ‌്സ‌് ലേ ഡ്രിയാന്‍ പറഞ്ഞു. ഫ്രാന്‍സ‌്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇറാനുമായി തിങ്കളാഴ‌്ച ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ പ്രസിഡന്റ‌് റൂഹാനിയുമായി ഫ്രഞ്ച‌് പ്രസിഡന്റ‌് ഇമ്മാനുവല്‍ മാക്രോണ്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ബ്രിട്ടനും ജര്‍മനിയും ഇറാനുമായി ചര്‍ച്ചയ‌്ക്ക‌് തയ്യാറെടുക്കുകയാണെന്ന‌് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ‌്തു. ചൈനയും റഷ്യയും ട്രംപിന്റെ നടപടിയില്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു. ഇറാന്റെ ബദ്ധവൈരികളായ അമേരിക്കന്‍ സഖ്യകക്ഷികള്‍ ഇസ്രയേലും സൗദി അറേബ്യയും ട്രംപിന്റെ നടപടിയെ പിന്തുണച്ചു.
2015 ജൂലൈയിലാണ‌് യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ‌് എന്നിവയും ജര്‍മനിയും ഇറാനുമായി ആണവ ഉടമ്പടിയില്‍ ഒപ്പിട്ടത‌്.