അഫ്ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യൻ എൻജിനീയർമാരെ ഭീകരർ തട്ടിക്കൊണ്ടു പോയി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യൻ എൻജിനീയർമാരെ ഭീകരർ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിലെ ബഗ്ലാൻ പ്രവിശ്യയിൽ ഞായറാഴ്ചയായിരുന്നു സംഭവം. താപനിലയത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവർക്കൊപ്പം ഒരു അഫ്ഗാൻ സ്വദേശിയേയും തട്ടിക്കൊണ്ടുപോയിട്ടുണ്ട് .
അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള “ദി അഫ്ഗാനിസ്ഥാൻ ബ്രെഷ്ന ഷേർക്കത്ത്’ എന്ന താപനിലയത്തിലേക്ക് മിനി ബസിൽ യാത്ര പോകുമ്പോഴായിരുന്നു സംഭവം. കമ്പനിയിലെ ജീവനക്കാരായിരുന്നു ഏഴു പേരും. താപനിലയത്തിലെ അറ്റകൂറ്റപ്പണികൾ നിർവഹിക്കാൻ പോകുകയായിരുന്നു. ബസിനെ വളഞ്ഞ അജ്ഞാതരായ തോക്കുധാരികൾ അഫ്ഗാൻ സ്വദേശിയായ ഡ്രൈവറെ ഉൾപ്പെടെ എല്ലാവരെയും തട്ടിക്കൊണ്ടുപോയി. സംഭവം ഇന്ത്യൻ നയതന്ത്രകാര്യാലയം സ്ഥിരീകരിച്ചു. മോചനത്തിനായുള്ള ശ്രമം തുടങ്ങിയതായും അറിയിച്ചു.
ഭീകരസംഘടനകളൊന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാനാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് കരുതുന്നത്. 2016 ൽ ഇന്ത്യക്കാരിയായ സന്നദ്ധപ്രവർത്തകയെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. നാൽപത് ദിവസങ്ങൾക്കു ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു.