ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ, ഹൃദ്യം പദ്ധതി

0

കൊച്ചി: ജനന സമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ചികിത്സക്ക് സൗകര്യം. പ്രതിവര്‍ഷം 2000 കുട്ടികളാണ് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നത്. നിലവില്‍ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്. ഹൃദ്യം പദ്ധതിയിലൂടെ ഈ ചികിത്സ സൗജന്യമായി ലഭിക്കും. ഹൃദ്രോഗം മൂലം കുട്ടികള്‍ മരിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദ്യം.

കുട്ടിക്ക് ഹൃദയ സംബന്ധമായ രോഗം നിര്‍ണയിച്ചു കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ hridyam.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പരാണ് കുട്ടിയുടെ കേസ് നമ്പറും. കേസുകള്‍ ഓണ്‍ലൈനിലൂടെ പഠിക്കാനായി കേരളത്തിലുടനീളമുള്ള പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകളെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് രോഗത്തിന്റെ തീവ്രതയനുസരിച്ച് കുട്ടിയുടെ ശസ്ത്രക്രിയാ തീയതി തീരുമാനിക്കുക. രജിസ്റ്റര്‍ ചെയ്തവരില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവഹാനി സംഭവിക്കാനിടയുള്ള കുട്ടികളെ പെട്ടെന്ന് ശസ്ത്രക്രിയക്ക് വിധേയരാക്കും.

ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതിപ്രകാരമുള്ള ചികിത്സാ സൗകര്യമുള്ളത്.

സംസ്ഥാന സര്‍ക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍ സ്വസ്ഥ്യകാര്യക്രമുമാണ് ഇതിനുള്ള ഫണ്ട് നല്‍കുന്നത്. യൂനിസെഫും ബോസ്റ്റണിലെ ചില്‍ഡ്രന്‍സ് ഹാര്‍ട്ട്‌ലിങ്കും പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നു.

You might also like

-