ഹര്‍ത്താലില്‍ കല്ലേറും വ്യാപക വഴി തടയലും, കെഎസ്ആര്‍ടിസി അടക്കം സര്‍വീസ് നിര്‍ത്തി

0

സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി വഴി തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് നേരെ ചിലയിടങ്ങളിൽ കല്ലേറുണ്ടായി. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനടക്കം നിരവധിപേരെ പൊലീസ്  കസ്റ്റഡിയിലെടുത്തു. സുപ്രിം കോടതി വിധിക്കെതിരായ ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചായിരുന്നു ദളിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹർത്താലിന്‍റെ ആദ്യ രണ്ട് മണിക്കൂറികളിൽ ജനജീവിതം സ്വാഭാവിക നിലയിലായിരുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളുമടക്കം വാഹനങ്ങൾ  നിരത്തിലിറങ്ങി. എന്നാൽ എട്ടുമണിയോടെ  ഹർത്താലനുകൂലികൾ  ഉപരോധം  തുടങ്ങി. തിരുവനന്തപുരത്ത് തന്പാനൂരിലും എംജി റോഡിലും സമരാനുകൂലികൾ റോഡ് ഉപരോധിച്ച് പ്രകടനം നടത്തി.  ഒരു മണിക്കൂറോളം   തന്പാനൂരിൽ നിന്നുള്ള കെഎസ്ആർടിസി  സർവീസുകൾ നിർത്തിവച്ചു. പിന്നീട് ദീർഘദൂര സർവീസുകൾ പൂർണമായും നിർത്തി. ശ്രീകാര്യം, ആറ്റിങ്ങൾ നെടുമങ്ങാട് തുടങ്ങി ജില്ലയിലെ പലയിടങ്ങളിലും പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ കഞ്ഞി വച്ച് പ്രതിഷേധവും നടന്നു.

കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞ ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പനങ്ങാട് റോഡുപരോധിച്ച 18 പേരെയും കസ്റ്റഡിയിലെടുത്തു. കൊല്ലം ശാസ്താംകോട്ടയിലും തൃശൂർ വലപ്പാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. തൃശൂരിലുണ്ടായ കല്ലേറിൽ ഡ്രൈവർ പറവൂർ സ്വദേശി   മനോജിന് പരിക്കേറ്റു. നാട്ടിക ഫയർ സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഗീത ഗോപി എംഎൽഎ യെ ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ്ചെ്ത് നീക്കി.

പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു.  ശ്രീകണ്ഠപുരം, നടുവിൽ ടൗണുകളിൽ പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ കടകളും സ്ഥാപനങ്ങളും പൂട്ടിച്ചു. പത്തനംതിട്ട ടൗണിലും തിരുവല്ലയിലും ഹർ‍ത്താനലുകൂലികൾ  വാഹനങ്ങൾ  തടഞ്ഞു.   ഇടുക്കിയിലും ഹർത്താൽ ഏറെക്കുറെ പൂർണമായിരുന്നു.കാസർകോട് പെരിയയിലും ഭീമനടയിലും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

വിദ്യാനഗറിൽ റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹർത്താൽ മലപ്പുറം ജില്ലയെ സാരമായി ബാധിച്ചില്ല. ആലപ്പുഴ പാതിരപ്പള്ളയില് വാഹനങ്ങള്‍ തടഞ്ഞ ഏഴ് സമരാനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു.  കെഎസ്ആര്‍ടിസി ബസുകളും പൊലീസിന്‍റെ സഹായത്തോടെ സര്‍വ്വീസ് നടത്തുന്നുണ്ട്. കോട്ടയത്തും ഹർത്താൽ പൂർണമാണ്.  ദളിത് സംഘടനകൾ ഹർത്താൽ നടത്തുമ്പോൾ ഇടതു സര്‍ക്കാര്‍ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

You might also like

-