സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളി

0

 

ഡൽഹി:ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം ഉപരാഷ്ട്രപതി തള്ളി. ഇംപീച്ച് ചെയ്യാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പ്രമേയം തള്ളിയത്.

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ 64 രാജ്യസഭാ എംപിമാരാണ് ചീഫ് ജസ്റ്റിസിന് എതിരെ ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കിയത്. നിയമ വിദഗ്ധരുമായും ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം ഉപരാഷ്ട്രപതി നോട്ടീസ് തള്ളുകയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് തള്ളിയതെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്നതാണ് നോട്ടീസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉപരാഷ്ട്രപതിയുടെ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. അതിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നത് വരെ അദ്ദേഹത്തിന്‍റെ കോടതിയില്‍ ഹാജാരാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ അറിയിച്ചു. അഭിഭാഷകവൃത്തിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ നിയമ വിദഗ്ധരുമായും ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം നടപടി എടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാഷ്ട്രീയമായ ലക്ഷ്യത്തോടെയുള്ള കോണ്‍ഗ്രസിന്‍റെ നീക്കത്തിനേറ്റ തിരിച്ചടിയാണിതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

You might also like

-