സിപിഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് പതാക ഉയർന്നു

0

സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പതാക ഉയർന്നു. മലപ്പുറം ടൗൺ ഹാളിന് മുന്നിൽ പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ പ്രൊഫസർ ഇ പി മുഹമ്മദാലി പതാക ഉയർത്തി.നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കൊടിമര പതാകജാഥകൾ മലപ്പുറത്ത് സംഗമിച്ചത്.
മതസഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഹൃദയഭൂമിയായ മലപ്പുറത്തിന്റെ തെരുവോരങ്ങളിലൂടെ ആയിരങ്ങളെ പ്രകമ്പനം കൊള്ളിച്ച കൊടിമരജാഥയും പതാക ജാഥയും സമ്മേളനനഗരിയില്‍ സംഗമിക്കുമ്പോള്‍ പടിഞ്ഞാറന്‍ ചക്രവാളം ചെഞ്ചായമണിഞ്ഞു. പതാക -കൊടിമര-സ്മൃതി ജാഥകള്‍ കോട്ടപ്പടി ജംഗ്ഷനില്‍ സംഗമിക്കുമ്പോള്‍ വലിയൊരു ജനസഞ്ചയം ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.
പട്ടാമ്പിയില്‍ ഇപി ഗോപാലന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് വി ചാമുണ്ണിയുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന കൊടിമരം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബുവും അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കെ രാജന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയും ഏറ്റുവാങ്ങി. മുതിര്‍ന്ന നേതാവ് പ്രൊഫ. ഇ പി മുഹമ്മദാലി പതാക ഉയര്‍ത്തി. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കമ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സ്മരണ ഉയര്‍ത്തി 23 സ്മൃതിപതാകകള്‍ സമ്മേളന നഗരിയില്‍ ഉയര്‍ന്നു. നൂറുകണക്കിന് കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്ന വിപ്ലവ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ വികാര സാന്ദ്രമാക്കി. വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗവും സമ്മേളന നഗരിയില്‍ ഉത്സവക്കാഴ്ചയൊരുക്കി.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെഇ ഇസ്മയില്‍, ബിനോയ് വിശ്വം, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെപി രാജേന്ദ്രന്‍, സ്വാഗതസംഘം കണ്‍വീനര്‍ പിപി സുനീര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് റെഡ് സല്യൂട്ട് എന്ന് നാമകരണം ചെയ്ത സാംസ്‌കാരിക സായാഹ്നത്തില്‍ വിപ്ലവഗായിക പികെ മേദിനിയെ സി എന്‍ ജയദേവന്‍ എം പി വേദിയില്‍ ആദരിച്ചു. ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. പികെ ഗോപി, ശ്രീമതി ലില്ലി തോമസ് പാലോക്കാരന്‍, എ ഷാജഹാന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ഗായകര്‍ നേതൃത്വം നല്‍കിയ വിപ്ലവഗാന സന്ധ്യ സമ്മേളന സമാരംഭ രാവിനെ അവിസ്മരണീയമാക്കി.

You might also like

-