ഷുഹൈബ് വധം: രണ്ടുപേര്‍ കൂടി കസ്റ്റഡിയിൽ;പ്രതികളുടെ അറസ്റ്റ് ഇന്ന്

0

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. ഇന്ന് രാവിലെ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. കസ്റ്റഡിയിലായവരുടെ വിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഇന്നലെ കസ്റ്റഡിയിലെടുത്ത ആറ് പേരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് സൂചന. തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയും കസ്റ്റഡിയിലുണ്ട്. കൂടുതല്‍ പേരെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അറസ്റ്റിനൊപ്പം കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെടുക്കുന്നതിനുള്ള റെയ്ഡുകളും തുടരും. കണ്ണൂര്‍ എസ്.പി നേരിട്ടാണ് തെരച്ചിലുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇന്നും ഉപവാസ സമരം നടത്തും.
കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകികളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്ന സൂചനകള്‍.
കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം. വധം: രണ്ടുപേര്‍ കൂടി കസ്റ്റഡിയിൽ;പ്രതികളുടെ അറസ്റ്റ് ഇന്ന്

You might also like

-