ശബരിമലയിൽ പോലീസ് സുരക്ഷാ ശക്തമാക്കി സന്നിധാനത്ത് താസിക്കാനനുവദിക്കില്ല

0

പമ്പ: ശബരിമലയിൽ മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് സുരക്ഷാ ക്രമീകരണങ്ങളിൽ പോലീസ് മാറ്റം വരുത്തി. ശബരിമലയില്‍ സുപ്രീംകോടതി വിധി വന്ന ശേഷം രണ്ടു പ്രാവശ്യം നട തുറന്നപ്പോള്‍ നേരിട്ട പാളിച്ചകള്‍ ഒഴിവാക്കാന്‍ പൊലീസ് ക്രമീകരണങ്ങളില്‍ വ്യക്തമായ മാറ്റം വരുത്തിയിട്ടുണ്ട്. തീർത്ഥാടകരെന്ന വ്യജേന സമരക്കാരായ ആളുകള്‍ തമ്പടിക്കാനു അക്രമം നടത്താനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനായുള്ള രീതിയിലാണ് പൊലീസ് ക്രമീകരണങ്ങള്‍.

സന്നിധാനത്തെ പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ട്. അന്നദാന കേന്ദ്രങ്ങൾ രാത്രി 11 ന് അടക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍നടയായി സന്നിധാനത്ത് എത്തുന്നവര്‍ക്ക് കൃത്യമായ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ അടക്കം കച്ചവട സ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്നു പ്രവർത്തിക്കരുതെന്നും മുറികൾ വാടകയ്ക്ക് കൊടുക്കരുതെന്നും ദേവസ്വം അധികൃതർക്ക് പോലീസ് നിർദേശം നല്‍കി. രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.നടയടച്ച ശേഷം ഹോട്ടലടക്കമുള്ള എല്ലാ കടകളും പൂട്ടണമെന്നും പൊലീസ് നിര്‍ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യങ്ങള്‍ ബോർഡ് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി.

എരുമേലിയിലേക്കും പമ്പയിലേക്കും അയ്യപ്പഭക്തര്‍ എത്തി തുടങ്ങി. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പമ്പയിലും നിലയ്ക്കലിലും പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നേരത്തെ വാഹനങ്ങളുടെ പാസ് വൈകുന്നത് സംബന്ധിച്ച് പരക്കെ പരാതി ഉയര്‍ന്നിരുന്നു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നല്‍കുകയും വേണമെന്ന് ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.

വളരെ വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പുവരുത്തണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും അപേക്ഷകരെ പാസ് നല്‍കാതെ മടക്കി അയയ്ക്കാന്‍ പാടില്ലെന്നും ബെഹ്റ വ്യക്തമാക്കി.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതകളിലും വൻ സുരക്ഷാക്രമീകരണങ്ങളാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി വനത്തിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ നേരത്തെ വിശദമാക്കിയിട്ടുണ്ട്. അഴുതക്കടവ് – ചെറിയാനവട്ടം , സത്രം- സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്. ഭക്തർക്ക് കടന്നുപോകാനായി ഇരുവഴികളും പൂർണ്ണസജ്ജമായി.

കാനനപാതയിൽ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങൾ തടയാനും സംവിധാനങ്ങളുണ്ട്. കഴിഞ്ഞ വർഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതൽ പേരെത്തുമാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.

You might also like

-