വോട്ടർമാരെ ” കയ്യും കാലും കെട്ടി ബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളിൽ എത്തിക്കാൻ” യെഡ്യൂരപ്പയുടേ ആഹ്വാനം

0

ബംഗളുരു:കർണാടക തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്യാന്‍ ആളുകളെ കയ്യും കാലും കെട്ടി കൊണ്ടുവരണമെന്ന് ബിജെപി നേതാവിന്റെ ആഹ്വാനം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയാണ് പ്രസ്താവന നടത്തിയത്. ബെലഗാവി ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ബിജെപി നേതാവിന്റെ ഈ ആഹ്വാനം.
‘വിശ്രമിക്കാന്‍ നേരമില്ല, ആരെങ്കിലും വോട്ടു ചെയ്യില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അവരുടെ വീടുകളില്‍ ചെല്ലുക, കയ്യുംകാലും കെട്ടി പിടിച്ചുകൊണ്ടു വന്ന് ബിജെപിയുടെ സ്ഥാനാര്‍ഥി മഹന്ദേഷ് ദൊഡ്ഡഗൗഡര്‍ക്ക് വോട്ടു ചെയ്യിക്കുക’ എന്നായിരുന്നു യെദ്യൂരപ്പയുടെ ആഹ്വാനം. നിയമം കയ്യിലെടുക്കാനും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനും പരസ്യമായി ബിജെപി നേതാവ് ആഹ്വാനം നല്‍കിയതിനെതിരെ വിവിധ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി.
പരാജയം ഉറപ്പാക്കിയ ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ജനാധിപത്യത്തെ അപമാനിക്കലാണ് യെദ്യൂരപ്പയുടെ ആഹ്വാനമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സര്‍ജേവാല അഭിപ്രായപ്പെട്ടു.

You might also like

-