വെടിക്കെട്ട് അനുമതിക്ക് കര്‍ശന വ്യവസ്ഥകള്‍; അപകടം ഉണ്ടായാല്‍ ഉത്തരവാദിത്തം പൊലീസിന്

0

വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടി വരിക പോലീസായിരിക്കുമെന്ന് ഡി.ജി.പിയുടെ മുന്നറിയിപ്പ്. വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക്  സമ്മര്‍ദ്ദത്തിന് വഴങ്ങി അവസരം നല്‍കരുതെന്നും ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

മറ്റൊരു ഉത്സവകാലം കൂടിയെത്തുമ്പോഴാണ് വെടിക്കെട്ടിനുള്ള  അനുമതി സംബന്ധിച്ച് പോലീസ് സ്വീകരിക്കേണ്ട കര്‍ശന നിലപാടുകളെ കുറിച്ചുള്ള ഡി.ജി.പിയുടെ സര്‍ക്കുലര്‍. വെടിക്കെട്ടപകടങ്ങളില്‍ ജില്ലാ ഭരണ കൂടമാണോ പോലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങള്‍ക്കിടെയാണ് പോലീസാണ് ആദ്യം ഉത്തരം നല്‍കേണ്ടതെന്ന് ഡി.ജി.പി വ്യക്തമാക്കുന്നത്. ജില്ലാ കളക്ടര്‍ നല്‍കുന്ന അനുമതിക്ക് പുറമെ വെടിക്കെട്ട് സംബന്ധിച്ച് പോലീസിനും നിര്‍ണ്ണായകമായ ഉത്തരവാദിത്തങ്ങളുണ്ട്. പാരമ്പര്യത്തിന്റെ പേരിലോ മറ്റ് ഏതെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടോ വെടിക്കെട്ടിന് അനുമതി നല്‍കരുത്. ഇടുങ്ങിയ ഇടങ്ങളില്‍ വെടിക്കെട്ട് നടത്താന്‍ അനുവദിക്കരുത്. സാംപിളുകള്‍ നേരത്തെ ശേഖരിച്ച് എറണാകുളത്തെ റീജ്യണല്‍ കെമിക്കല്‍ ലാബില്‍ പരിശോധന നടത്തി പൊട്ടാസ്യം ക്ലോറേറ്റ് പോലെ മാരക പ്രഹരശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവിന്റെ അംഗീകാരം നേടിയ സ്ഫോടക വസ്തുക്കളേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണം. വെടിക്കെട്ട് നടക്കുന്ന സ്ഥലവും, സ്ഫോടക വസ്തുശേഖരിക്കുന്ന ഇടവും തമ്മില്‍ ഗണ്യമായ അകലമുണ്ടെന്ന് ഉറപ്പ് വരുത്തണം. വിദഗ്ധരായ തൊഴിലാളികളെയേ കരിമരുന്ന് പ്രകടനം നടത്താന്‍ അനുവദിക്കാവൂ. കാണികളെ നിയന്ത്രിക്കാനും കഴിയണം. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാല്‍ റാങ്ക് ഏതെന്ന് നോക്കാതെ നടപടിയെടുക്കുമെന്ന താക്കീതോടെയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.

You might also like

-