വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും-മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്

0

തിരുവന്തപുരം : വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമ്പൂര്‍ണ ഇ ഓഫീസാക്കുന്നതിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

    വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും ഹൈടെക് ആക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ക്ലാസ് മുറികള്‍ ആധുനികവത്കരിക്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുകയാണ്. പ്രൈമറി ക്ലാസുകളും ഇത്തരത്തില്‍ നവീകരിക്കും. കുട്ടികളുടെ അക്കാദമിക മികവ് വര്‍ധിപ്പിക്കുന്നതിനൊപ്പം അവരില്‍ മതനിരപേക്ഷതയും ജനാധിപത്യബോധവും വളര്‍ത്തിയെടുക്കണമെങ്കില്‍ ക്ലാസ് മുറികള്‍ സ്മാര്‍ട്ടായി മാറണം. എങ്കില്‍ മാത്രമേ ലോകത്തിന്റെ മാറ്റങ്ങള്‍ അവര്‍ തിരിച്ചറിയുകയും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് അവര്‍ക്ക് വളരാനും കഴിയൂ.
ജൂലൈ മാസത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമ്പൂര്‍ണമായും ഇ ഓഫീസാക്കി മാറ്റും. ഏപ്രില്‍ ഒന്ന് മുതല്‍ ഫയലുകളില്‍ അധികവും ഇ ഓഫീസ് സംവിധാനത്തിന്റെ ഭാഗമാകും. ഇ സംവിധാനം നിലവില്‍ വരുന്നതോടെ ഫയലുകളുടെ കാര്യത്തില്‍ വളരെ പെട്ടെന്ന് തീരമാനമെടുക്കാന്‍ സാധിക്കും. പൊതു വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നേട്ടങ്ങളിലൂടെ മുന്നേറുന്ന സമയത്താണ് ആധുനികവത്കരണവും ശക്തമാക്കുന്നത്. ഇതൊരു ചരിത്ര നേട്ടമാണ്. അടുത്ത വര്‍ഷത്തേക്കുള്ള പാഠ പുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ അച്ചടിച്ച് സ്‌കൂളുകളില്‍ എത്തിച്ചത് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നതിന്റെ തെളിവാണ്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അദ്ധ്യക്ഷ വഹിച്ചു.

You might also like

-