വാരാപ്പുഴകേസ് പോലീസ് പ്രതിക്കൂട്ടിൽ

0

കൊച്ചി : വാരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആളുമാറിയെന്നതിന് കൂടുതല്‍ തെളിവുകള്‍. ആത്മഹത്യ ചെയ്ത വാസുദേവന്‍റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്തോ സഹോദരന്‍ സജിത്തോ ഇല്ലായിരുന്നുവെന്നും, വാസുദേവന്‍റെ സഹോദരന്‍ ഗണേശന്‍ കാണിച്ചു കൊടുത്തവരെയെല്ലാം പോലീസ് പിടിച്ചു കൊണ്ടു പോകുകയുമായിരുന്നുവെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം ഇപ്പോള്‍ എത്തിയിരിക്കുന്നത്.
തന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മനംനൊന്താണ് ഗൃഹനാഥനായ വാസുദേവന്‍ ആത്മഹത്യ ചെയ്യുന്നത്. തലേദിവസം അന്പലപ്പറന്പിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു വീടാക്രമണം. വാസുദേവന്‍റെ ആത്മഹത്യയിലും വീടാക്രമിച്ച സംഭവത്തിലും ഉള്‍പ്പെട്ടവരെ കസ്റ്റഡിയിലെടുക്കാനെത്തിയത് റൂറല്‍ എസ്പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥരാണ്. അക്രമിച്ചവരെ തിരിച്ചറിയാനായി ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഒപ്പം കൂട്ടിയത് വാസുദേവന്‍റെ സഹോദരന്‍ ഗണേശനെയായിരുന്നു. അക്രമത്തില്‍ പങ്കെടുത്തവരെ നേരില്‍ കാണാത്ത ഗണേശന്‍ തനിക്ക് സംശയം തോന്നിയവരെയെല്ലാം കാണിച്ചു കൊടുക്കുകയും അവരെയെല്ലാം പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
അതേസമയം വാസുദേവന്‍റെ ആത്മഹത്യയിലേക്ക് നയിച്ച വീടാക്രമണത്തില്‍ ശ്രീജിത്തും സജിത്തും ഇല്ലായിരുന്നുവെന്ന് വാസുദേവന്‍റെ അയല്‍വാസി സുമേഷ് . ആത്മഹത്യ ചെയ്ത വാസുദേവനുമായി ശ്രീജിത്തിന് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു, വാസുദേവന്‍റെ മകനും ശ്രീജിത്തും അടുത്ത സുഹൃത്തുകളുമായിരുന്നു. വാസുദേവന്‍റെ കുടുംബവുമായി പ്രശ്നങ്ങള്‍ക്കില്ലെന്ന് ശ്രീജിത്ത് തന്നെ തന്നോട് പറയുകയും ചെയ്തിരുന്നുവെന്നും സുമേഷ് പറയുന്നു.
വാസുദേവന്‍റെ വീടാക്രമിക്കപ്പെട്ട ഉച്ചസമയത്ത് സജിത്ത് പറവൂരിലായിരുന്നുവെന്നും ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നുവെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വാസുദേവന്‍റെ വീടാക്രമിക്കപ്പെടുന്നതിന് തലേദിവസം അന്പലപ്പറന്പിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സുമേഷ് പറവൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാസുദേവന്‍റെ വീടാക്രമിക്കപ്പെടുന്ന സമയത്ത് സജിത്ത് സുമേഷിനെ സഹായിക്കാനായി പറവൂരിലെ ആശുപത്രിയിലായിരുന്നു. ശ്രീജിത്തിന്‍റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പ്രത്യേക അന്വേഷണസംഘം വാസുദേവന്‍റെ വീടാക്രമിക്കപ്പെടുന്പോള്‍ ഇയാള്‍ സ്വന്തം വീട്ടിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ വാരാപ്പുഴ പോലീസ് കേസില്‍ പ്രതികളാക്കിയ ഒന്‍പത് പേരെയും ആലുവ പോലീസ് ക്ലബിലെത്തിച്ചു. ശ്രീജിത്തിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം ഇവരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.

You might also like

-