വരാപ്പുഴ കേസ്സ് : സി ഐ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തേക്കും

0

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ സിഐ ഉൾപ്പെടെയുളളവരെ പ്രതിചേർക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. കസ്റ്റഡിമരണക്കേസിൽ പ്രതി ചേർക്കണോ അതോ വകുപ്പുതല നടപടിയാണോ നിലനിൽക്കുക എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. ഇതിനിടെ മരിച്ച വാസുദേവന്‍റെ മകൻ വിനീഷിന്‍റെ പേരിൽ പൊലീസ് തന്നെ പ്രചരിപ്പിച്ച രണ്ടാമത്തെ മൊഴി വ്യാജമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘം സർക്കാർ അഭിഭാഷകരോട് നിയമോപദേശം തേടിയത്. ശ്രീജിത്തിനെ മർദിച്ചവർക്കെതിരെയെല്ലാം കൊലക്കുറ്റം ചുമത്താമെന്നായിരുന്നു നേരത്തേയുളള നിയമോപദേശം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ വടക്കൻ പറവൂർ സിഐ, വരാപ്പുഴ എഎസ്ഐ, മൂന്നു പൊലീസുകാർ എന്നിവരുടെ കാര്യത്തിൽ എന്തു നടപടിവേണമെന്നാണ് അന്വേഷണസംഘത്തിന്‍റെ ആശയക്കുഴപ്പം.
മരിച്ച ശ്രീജിത്തിനെ സിഐ ഉൾപ്പെടെയുളളവർ മർദിച്ചതായി തെളിവില്ല. അങ്ങനെയെങ്കിൽ കസ്റ്റഡിമരണക്കേസിൽ ഇവരെ പ്രതിചേർക്കാനാകുമോ എന്നതു സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. അന്വേഷണ ഉദ്യോഗസ്ഥനായ സിഐയുടെയോ സ്റ്റേഷൻ ചുമതലയിൽ ഉണ്ടായിരുന്ന എ എസ്ഐയുടെയും ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായി എന്നാണ് വിലയിരുത്തൽ. അന്യായ തടങ്കൽ ,രേഖകളിലെ തിരിമറി എന്നിവയുടെ പേരിൽ ഇവരെ പ്രതി ചേർക്കാമെന്നാണ് അന്വേഷണസംഘത്തിന്‍റെ പൊതു വിലയിരുത്തൽ.
സിബിഐ അന്വേഷണം കൂടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ എല്ലാം നിയമപ്രകാരം മതിയെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കുന്ന മേൽത്തട്ട് നിർദേശം. ഇതിനിടെ കസ്റ്റഡി മരണക്കേസിൽ നിന്ന് രക്ഷപെടാൻ വരാപ്പുഴ സ്റ്റേഷനിൽ നിന്നുതന്നെ വ്യാജമൊഴിയുണ്ടാക്കിയതായി ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച വാസുദേവന്‍റെ മകൻ വിനീഷും അയൽവാസി പരമേശ്വരനും വരാപ്പുഴ സ്റ്റേഷനിൽവെച്ച് ശ്രീജത്തിനെ തിരിച്ചറിഞ്ഞെന്ന മൊഴി പുറത്തുവന്നിരുന്നു. . വരാപ്പുഴ സ്റ്റേഷനിലെ കേസ് രേഖകൾ പരിശോധിച്ചതിൽ ഇങ്ങനെയൊരു മൊഴി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്രൈംബ്രാ‌ഞ്ച് വൃത്തങ്ങൾ അറിയിച്ചു.

You might also like

-