വരാപ്പുഴ കസ്റ്റഡി മരണoഅന്വേഷണം സിബിഐക്ക് വിടണം, കുടുംബത്തിന് 10 ലക്ഷം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍

0

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാര്‍ത്ഥ പ്രതികളെ ദിവസങ്ങള്‍ക്ക് ശേഷവും അറസ്റ്റ് ചെയ്യാനാവാതെ പ്രത്യേക അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ അന്വേഷണം എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. ശ്രീജിത്തിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.തുക കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.ശ്രീജിത്തിന്റെ ഭാര്യക്ക് എത്രയും വേഗം സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഭാര്യയും മൂന്നു വയസുള്ള പെണ്‍കുട്ടിയും വ്യദ്ധമാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന് നഷ്ടമായത് ഏക അത്താണിയാണ്.ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യണം. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും കമ്മിഷന്‍ അവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടില്‍ നടന്ന അടിപിടിക്കിടയിലാണെന്ന ആലുവ റൂറല്‍ എസ്പിയുടെ പ്രസ്താവന ദുരൂഹമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്വേഷണത്തിന് മുമ്പ് എസ് പി തലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത് എങ്ങനെയാണെന്ന് കമ്മിഷന്‍ ചോദിച്ചു.എസ് പി യുടെ അറിവോടെയാണ് അദ്ദേഹത്തിന്റെ ടാക്‌സ് ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് കമ്മിഷന്‍ വിലയിരുത്തി.വാസുദേവന്റെ മകന്‍ നല്‍കിയ മൊഴിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ കമ്പ്യൂട്ടില്‍ കണ്ടെത്തിയ പ്രഥമ വിവര സ്റ്റേറ്റ്‌മെന്റില്‍ കണ്ടെത്തിയതായി കമ്മിഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് പറഞ്ഞു.
ശ്രീജിത്തിന്റെ ഭാര്യ തനിക്ക് നല്‍കിയ മൊഴിയില്‍ വാസുദേവന്റെ കുടുംബവുമായി ശ്രീജിത്തിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു.കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റ് പല രേഖകളും സ്റ്റേഷനില്‍ തനിക്ക് ലഭ്യമായില്ലെന്നും അത് അന്വേഷണ ഉദ്യോസ്ഥന്‍ പിടിച്ചെടുത്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതായും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.ഡി കെ ബാസുവും ബംഗാളും തമ്മിലുള്ള കേസില്‍ അറസ്റ്റ് സംബന്ധിച്ച് സുപ്രിം കോടതി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊന്നും ശ്രീജിത്തിന്റെ കേസില്‍ പാലിച്ചിട്ടില്ലെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു.സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനക്ക് ശേഷം ശ്രീജിത്തിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാതെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയത് ദുരൂഹമാണ്. ഇതു സംബന്ധിച്ച് പൊലീസ് പറയുന്ന കാരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല.പ്രത്യേക അന്വേഷണ സംഘം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണോ എന്ന് കമ്മിഷന്‍ സംശയം പ്രകടിപ്പിച്ചു. ശ്രീജിത്തിന്റേത് കൊലപാതകമാണെന്ന് സമ്മതിക്കുന്ന അന്വേഷണ സംഘം യഥാര്‍ത്ഥ കുറ്റവാളികളെ എത്രയും വേഗം പുറത്തുകൊണ്ടു വന്നില്ലെങ്കില്‍ അവര്‍ തെളിവുകള്‍ നിഷ്പ്രയാസം നശിപ്പിക്കും.
പ്രത്യേക അന്വേഷണ സംഘം പൂര്‍ണ പരാജയമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്തതു കൊണ്ട് ആരും സായൂജ്യമടയില്ലെന്നും ഉത്തരവില്‍ പറയുന്നു.

ചെറുകുടലിലേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് കാരണം ചെറുകുടലിലേറ്റ മാരക പരിക്കാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ശക്തമായ ആഘാതമുണ്ടായാലേ ഇത്തരത്തില്‍ ആന്തരികാവയവത്തിന് പരിക്ക് ഏല്‍ക്കാന്‍ സാധ്യതയുള്ളൂ. ഈ മുറിവിലൂടെ പുറത്തുവന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുള്ള അണുബാധ രക്തത്തില്‍ കലരുകയും മറ്റെല്ലാ അവയവങ്ങളെയും ബാധിക്കുകയും ചെയ്തു
വരാപ്പുഴ സംഭവത്തില്‍ പൊലീസ് നിഷ്പക്ഷമായി തന്നെ അന്വേഷിക്കുമെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ മൂന്നാംമുറ അനുവദിക്കില്ലെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടെ പറഞ്ഞു. എത്ര ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരായാലും അവര്‍ സേനയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

-