ലൈംഗികപീഡനവും കൊലപാതകവും നരേന്ദ്രമോഡിക്ക് ഐ എ സ് ഐ പി എസ് ,തുറന്ന കത്ത്

0

ഡൽഹി:ഉന്നാവോയിലെയും കത്വയിലെയും ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് പോയി ക്ഷമാപണം നടത്തണമെന്ന് വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരമൊരാവശ്യം ആദ്യമായാണ് ഉന്നയിക്കപ്പെടുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് ഈ സംഭവം അരക്കിട്ടുറപ്പിക്കുന്നു. സിവില്‍ സര്‍വീസ് മേഖലകളില്‍ സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ പ്രകടിപ്പിക്കുന്ന ഉല്‍ക്കണ്ഠ കേന്ദ്രഭരണ സംവിധാനങ്ങളുടെ പരാജയത്തിലേക്ക് കൂടിയാണ് വിരല്‍ചൂണ്ടുന്നത്. നാല്‍പത്തിയഞ്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്തില്‍ അടിയന്തരമായി കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നേരിട്ടുതന്നെയും കൈക്കൊള്ളേണ്ട നടപടികള്‍ അക്കമിട്ട് വ്യക്തമാക്കുന്നുണ്ട്. അതില്‍ ഏറ്റവും സുപ്രധാനം പ്രധാനമന്ത്രിയുടെ നേരിട്ടുളള ക്ഷമാപണം തന്നെയാണ്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്ന രണ്ട് കാരണങ്ങളില്‍ ഒന്ന് ഈ രണ്ടുസംഭവത്തിലും പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രമുഖരും മന്ത്രിമാരും ജനപ്രതിനിധികളുമടക്കമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ്. മറ്റൊന്ന് വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്ത് വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ ബിജെപിയുടെ ഭാഗമായ സംഘടനകള്‍ നേതൃത്വം നല്‍കിവരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഹീനമായ നടപടിയാണ് കത്വസംഭവം എന്നതാണ്. ദളിത് മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് മോഡി അധികാരമേറ്റശേഷം ഉണ്ടായ എല്ലാ അതിക്രമങ്ങളും അതിനുദാഹരണങ്ങളാണ്. കത്വയില്‍ നിന്ന് ബകളര്‍മാരായ മുസ്‌ലിം ജനവിഭാഗത്തെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഒരു പിഞ്ചുകുഞ്ഞിനെ ഇവര്‍ ഇത്തരത്തില്‍ ശിക്ഷിച്ചത് എന്നത് ഇതുവരെ ഒരു ബിജെപി നേതാവും നിഷേധിച്ചിട്ടില്ല. മാത്രമല്ല പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ ഉണ്ടെന്നിരിക്കെ നാലുമാസം വരെ ഈ സംഭവം പുറംലോകമറിയാതെ രഹസ്യമാക്കാനും മുക്കിക്കളയാനും നടത്തിയ ശ്രമങ്ങളില്‍ ബിജെപിയൂടെ ഉന്നത നേതൃത്വമുണ്ടെന്ന നടുക്കുന്ന യാഥാര്‍ഥ്യത്തിന്മേല്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം ഈ കൊലയ്ക്കുള്ള അദ്ദേഹത്തിന്റെ സമ്മതമായി കാണേണ്ടിയിരിക്കുന്നു. കത്തില്‍ ഇക്കാര്യം അവര്‍ ചൂണ്ടിക്കാണിക്കുന്നു.
അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ അപ്രമാദിത്തമുള്ള നേതാവെന്ന നിലയില്‍ പ്രധാനമന്ത്രിക്ക് ഈ അതിക്രമങ്ങള്‍ നിയന്ത്രിക്കാവുന്നതേയുള്ളു. അതിനുപകരം പ്രധാനമന്ത്രി മൗനം പുലര്‍ത്തുന്നത് രാജ്യത്തും അന്താരാഷ്ട്രതലത്തിലും ജനരോഷത്തിന് കാരണമാകുന്നു. സംഘപരിവാര്‍ ശക്തികളെ നിയന്ത്രിക്കാന്‍ മോഡിക്ക് കഴിയാത്ത പക്ഷം രാജ്യത്തിന് വലിയ വില ഇനിയും നല്‍കേണ്ടിവരുമെന്ന് അവര്‍ കത്തില്‍ ഓര്‍മിപ്പിക്കുന്നു. ഈ കാടന്‍രീതികളില്‍ തങ്ങള്‍ക്കുള്ള കൂട്ടായ രോഷവും ലജ്ജയും എതിര്‍പ്പും ഇവര്‍ കത്തിലൂടെ പ്രകടിപ്പിക്കുകയുണ്ടായി. രാജ്യത്തെ ജനമനസുകളെ ഭിന്നിപ്പിക്കാനും പരസ്പരം വിദ്വേഷം പരത്താനും ഇപ്പോള്‍ നടക്കുന്ന ഹീനശ്രമങ്ങള്‍ അവസാനിപ്പിക്കണം. കറുത്ത ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കത്വയിലും ഉന്നാവോയിലും നടന്ന ക്രൂരതകള്‍ക്ക് സാമൂഹ്യ അംഗീകാരം നല്‍കാന്‍ നടത്തുന്ന നീക്കങ്ങള്‍ ലജ്ജാകരമാണ്. കത്വയില്‍ ഹിന്ദുത്വമന്‍ജും സംഘപരിവാറും ഇളക്കിവിടുന്ന ഭൂരിപക്ഷ സവര്‍ണഫാസിസമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെങ്കില്‍ ഉന്നാവോയില്‍ പുരുഷാധിപത്യ ജന്മിത്വ അധോലോക സംഘങ്ങള്‍ക്ക് വേണ്ടി ബിജെപി ഭരണകൂടം നടത്തുന്ന ഒത്താശയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഇത്തരത്തില്‍ നീചമായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ ഭരണകൂട ഭീകരത എന്നല്ലാതെ മറ്റെന്താണ് വിളിക്കുക എന്നാണവര്‍ ചോദിക്കുന്നത്.
ഇതൊരു ദശാസന്ധിയാണ്. ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട പ്രതിസന്ധിഘട്ടമെന്ന നിലയില്‍ അടിയന്തരമായി പ്രധാനമന്ത്രി സ്വീകരിക്കേണ്ട ചില നടപടികള്‍ ഇവര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതുമാപ്പിന് പുറമെ കത്വ ഉന്നാവോ കേസുകള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുക, ഇരയാക്കപ്പെട്ട കുഞ്ഞിനോടും പെണ്‍കുട്ടിയോടും നീതിപുലര്‍ത്തുക മുസ്‌ലിം, ദളിത് ജനവിഭാഗങ്ങളുടെ ജീവന്‍സുരക്ഷ ഉറപ്പാക്കുക, ഒപ്പം സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും നടപ്പിലാക്കുന്നുണ്ടെന്ന് സംസ്ഥാന ഭരണകൂടം ഉറപ്പാക്കുക, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയോ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുക, എല്ലാറ്റിനുമുപരി രാജ്യത്തെ അവസ്ഥ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കുക ഇതാണ് അവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍. ക്യാബിനറ്റ് മുന്‍ സെക്രട്ടറിമാര്‍, വിവിധ വകുപ്പുമുന്‍തലവന്മാര്‍, മുന്‍ ഐഎസ്-ഐപിഎസ്-ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വളരെ വ്യക്തമായി രാജ്യത്തെ ഇന്നത്തെ അവസ്ഥയിലുള്ള തങ്ങളുടെ ഉല്‍ക്കണ്ഠ ഇതുവഴി പങ്കുവച്ചിരിക്കുന്നു. പ്രധാനമന്ത്രി ഇത്രയൊക്കെയായിട്ടും തുടരുന്ന മൗനം രാജ്യത്തിന്റെ ഭാവിക്ക് ശുഭസൂചകമല്ല എന്ന് മാത്രമല്ല വരുംനാളുകളില്‍ ഇവിടത്തെ ശാന്തതയും സഹവര്‍ത്തിത്വവും ഐക്യവും തകര്‍ക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് ഭയക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

You might also like

-