രാജ്യത്തെ എല്ലാ ജില്ലാ കോടതികളിലും പീഡന വിരുദ്ധ സെല്ലിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി .

0

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലാ കോടതികളിലും പീഡന വിരുദ്ധ സെല്ലിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2013ല്‍ നിലവില്‍ വന്ന ‘തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള’ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് പീഡന വിരുദ്ധ സെല്ലിന് രൂപം നല്‍കേണ്ടത്.

ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഇക്കഴിഞ്ഞ മെയ് നാലിന് വനിതാ അഭിഭാഷക ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി നിര്‍ദേശം. പീഡനത്തിനിരയായ അഭിഭാഷകയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് കോടതി നിര്‍ണ്ണായക നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

2013ലെ നിയമ പ്രകാരം പത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന തൊഴില്‍ ഇടങ്ങളില്‍ പീഡന വിരുദ്ധ സെല്‍ പ്രവര്‍ത്തിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അഞ്ചംഗങ്ങളുള്ള സെല്‍ കൃത്യമായ ഇടവേളകളില്‍ യോഗം ചേരണമെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. സ്ഥാപനത്തിനു പുറത്ത് നിന്നുള്ള അംഗം ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ഉള്ള സെല്ലില്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കായിരിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.

രാജ്യത്തെ എല്ലാ ജില്ലാ കോടതികളിലും പീഡന വിരുദ്ധ സെല്‍ രൂപീകരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂലൈ അഞ്ചിന് വീണ്ടും കേസ് പരിഗണിക്കുന്ന വേളയില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഹൈക്കോടതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

You might also like

-