മെയ് 30, 31 തീയതികളില്‍ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കും

0

ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയിലെ ജീവനക്കാരെയും ഓഫീസര്‍മാരെയും പ്രതിനിധീകരിക്കുന്ന സംഘടനകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആഹ്വാനമനുസരിച്ച് മെയ് 30, 31 തീയതികളില്‍ രാജ്യവ്യാപകമായി 48 മണിക്കൂര്‍ ബാങ്ക് പണിമുടക്ക് നടക്കും. 30 ന് രാവിലെ ആറ് മണിക്ക് പണിമുടക്ക് ആരംഭിക്കും. എഐബിഇഎ, എഐബിഒഎ, എഐബിഒസി, എന്‍സിബിഇ, ബെഫി, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
വേതന പരിഷ്‌കരണ നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുക, വേതനത്തില്‍ മതിയായ വര്‍ധനവ് വരുത്തുകയും സേവന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക, ഏഴാം സ്‌കെയിലില്‍ ഉള്‍പ്പെടുന്ന ഓഫീസര്‍മാരെയും വേതന പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അവകാശ പത്രിക അംഗീകരിക്കുന്നതിലെ കാലതാമസം, ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും വേതന പരിഷ്‌കരണത്തോടുള്ള സര്‍ക്കാരിന്റെ ഉദാസീനത, കേവലം രണ്ടു ശതമാനമെന്ന ബാങ്കിങ് അസോസിയേഷന്റെ വേതന വര്‍ധന നിര്‍ദ്ദേശം, മൂന്നാം സ്‌കെയിലില്‍ മാത്രമുള്ളവര്‍ക്ക് വേതന വര്‍ധന നടപ്പിലാക്കാനുള്ള നീക്കം എന്നിവയ്‌ക്കെതിരെയുമാണ് പണിമുടക്കെന്ന് യുഎഫ്ബിയു കണ്‍വീനര്‍ സഞ്ജീവ് കെ ബാന്ദ്‌ലിഷ് അറിയിച്ചു.
സി എച്ച് വെങ്കിടാചലം (ജനറല്‍ സെക്രട്ടറി, എഐബിഇഎ), എസ് നാഗരാജ് (ജനറല്‍ സെക്രട്ടറി എഐബിഒഎ), ഡി ടി ഫ്രാങ്കോ (എഐബിഒസി), പ്രദീപ് ബിശ്വാസ് (ബെഫി), സുഭാഷ് എസ് സാവന്ത് (ഐഎന്‍ബിഇഎഫ്), കെ കെ നായര്‍ (ഐഎന്‍ബിഒസി), ഉപേന്ദ്ര കുമാര്‍(എന്‍ഒബിഡബ്ല്യു), ഹസാരിലാല്‍ മീണ (എന്‍ഒബിഒ) എന്നിവരാണ് പണിമുടക്ക് നോട്ടീസില്‍ ഒപ്പുവച്ചിരിക്കുന്നത്.

You might also like

-