മുംബൈ വിതുമ്പി ശ്രീ…ദേവിക്ക് വിട

0

 

മുംബൈ: ദുബായില്‍ വച്ച് അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ട് വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തില്‍ അവസാനിച്ചു.

വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. ബോണി കപൂറിന്‍റെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ അടക്കമുള്ളവര്‍ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പമുണ്ടായിരുന്നു.

ശ്രീദേവിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബോളിവുഡില്‍നിന്ന് നിരവധി താരങ്ങളാണ് സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബിലേക്ക് എത്തിയത്. വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പ്രത്യേക വിമാനത്തില്‍ താരത്തിന്റെ മൃതദേഹം മുംബൈയിലെത്തിച്ചത്. ഇന്ത്യന്‍ സിനിമയുടെ താരറാണിയെ അവസാനമായി ഒരു നോക്ക് കാണുവാന്‍ വിമാനത്താവളത്തിലും മുംബൈയിലെ വസതിയിലും വന്‍ജനക്കൂട്ടമാണെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് ഇടയ്ക്കിടെ ലാത്തിചാര്‍ജ് നടത്തുന്ന അവസ്ഥയും അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്ക് മുന്‍പിലുണ്ടായി.

ഫെബ്രുവരി 24മന് രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തേ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും വിശദമായ അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമൊടുവില്‍ നടി ബാത്ത്ടബിലേക്ക് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് ദുബായ് പോലീസ് എത്തിയത്. ഇതോടെ അന്വേഷണം അവസാനിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

You might also like

-